ഞാനൊരു പാവം പാലാക്കാരന്‍

മാന്യതയുടെ മൂടുപടം

>> Saturday, July 12, 2008

1999 ഡിസംബര്‍ മാസം. 3 വര്‍ഷത്തെ ജോലിയും അതിനിടക്കു നടത്തിയ അമേരിക്കന്‍ യാത്രയും കാരണം തിളങ്ങി നില്‍ക്കുകയായിരുന്നു ആ കാലഘട്ടത്തില്‍ ഞാന്‍. നാട്ടിലും സഹപാഠികളുടെ ഇടക്കും ബഹുമിടുക്കന്‍ എന്ന ഇമേജ്. സഹപാഠികള്‍ ഒക്കെ ജോലി തെണ്ടലും ഉപരിപഠനവും ഒക്കെ ആയി നടന്നപ്പോള്‍ സ്വപ്നനഗരമായ ബാംഗളൂരില്‍ ജോലി. 2 വര്‍ഷം ആകുന്നതിനു മുമ്പേ ഇനി നീ ഇത്തിരി നാള്‍ അമേരിക്കയില്‍ പോയി ജോലി ചെയ്യൂ എന്നു കമ്പനി. 400 ജോലിക്കാരില്‍ നിന്നും എന്നെ തിരഞ്ഞെടുത്തപ്പോള്‍ എന്റെയൊരു കഴിവേ.. എന്ന അഹങ്കാരം ഒരു വശത്തും, എല്ലാ മിടുക്കന്മാരേയും ഒരു കാലത്തു പൊട്ടന്മാര്‍ എന്നു ലോകം കരുതിയിരുന്നു എന്ന തിരിച്ചറിവു മറു വശത്തും. ഇവന്റെ കഴിവുകള്‍ നമുക്കു നേരത്തെ മനസിലാവാതെ പോയല്ലോ എന്നു കൂട്ടുകാരും നാട്ടുകാരും വിചാരിക്കുമെന്നു ഞാനും, ഇവനെ അങ്ങോട്ടു വിടാന്‍ മാത്രം മണ്ടന്‍ കമ്പനി ആണോ അതെന്നു അവരും മനസില്‍ കരുതി. വീട്ടുകാര്‍ക്കു പിന്നെ എന്റെ കഴിവില്‍ പണ്ടേ നല്ല വിശ്വാസം ആയിരുന്നു. എങ്കിലും ബുദ്ധി ഒക്കെ ഇത്ര പെട്ടെന്നു വളരുന്നതാണോ എന്നവര്‍ക്കും തോന്നാതിരുന്നില്ല. സ്നേഹമുള്ള ഒരു കസിന്റെ സഹായത്താലാണു ജോലി കിട്ടിയതെന്ന് അവര്‍ക്കറിയാമല്ലോ. കാലക്രമേണ നാട്ടുകാരില്‍ ചിലരെങ്കിലും അവരുടെ ഇവാലുവേഷനില്‍ എന്തോ പിശകു പറ്റിയോ എന്നും സംശയിച്ചു.

എന്നെയും പിന്നെ എന്നെക്കാളും മിടുക്കന്മാരുമായ കുറച്ചു പേരെ പുതിയ projects ന്റെ pilot and prototype ചെയ്യാനായി അങ്ങോട്ടു വിട്ടതിനാലാവാം തിരിച്ചുവരവിനു ശേഷം കമ്പനി ഇനി 1-2 മാസത്തിനു ശേഷം പഴയ ഇന്ത്യന്‍ കമ്പനിക്കു കൈമാറും എന്നു വിവരം കേട്ടപ്പോള്‍ തന്നെ രാജി വെച്ച്, നമ്മുടെ കഴിവിലുള്ള ഉത്തമ വിശ്വാസത്തില്‍ ജോലി തിരക്കി ബോംബെക്കു (ഇന്നലത്തെ ബോംബെ, ഇന്നത്തെ മുംബൈ, നാളത്തെ താക്കറെ) വിട്ടത്. ഉന്നതങ്ങളിലെ പിടിപാടുകാരണം കോണ്‍ഫിടെന്‍ഷ്യല്‍ ഇന്‍ഫൊര്‍മേഷന്‍ വേറെ ആര്‍ക്കും കിട്ടുന്നതിനു മുമ്പ് ഞാന്‍ അറിഞ്ഞു എങ്കിലും നാട്ടുകാരും വീട്ടുകാരും കൂട്ടുകാരും എല്ലാം ഇവന്‍ വീണ്ടും പൊട്ടനായോ എന്നു സംശയിച്ചു. വെറുതെ ഇവന്‍ മിടുക്കനാണല്ലോ എന്നു വിചാരിച്ചു ടെന്‍ഷന്‍ അടിച്ചല്ലോ എന്നൊര്‍ത്തു സങ്കടപ്പെട്ടു.

3 വര്‍ഷം മുമ്പ് ജോലി തിരക്കി ആദ്യമായി ബോബെയില്‍ പോയപ്പോള്‍, സുഗമഹിന്ദി പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെയും മലയാളത്തിനു പുറമേ തമിഴ് നാട്ടിലെ പഠനകാലഘട്ടത്തില്‍ ആര്‍ജ്ജിച്ചെടുത്ത തമിഴിന്റെയും (R/W) അഹങ്കാരത്തില്‍ ചെന്ന എന്നെ english എന്ന ഭാഷ, ഒരു ശരാശരി മലയാളിയുടെ inferiority complex മൂലം (അല്ലാതെ ഗ്രാമര്‍, വൊക്കാബുലറി എന്നിവയില്‍ ഒട്ടും മോശമല്ലായിരുന്നു, സര്‍ദ്ദാര്‍ജിയുടെ തൊട്ടു പുറകില്‍ നില്‍ക്കും ഞാന്‍) ചവുട്ടി ഒതുക്കി നാശകോശമാക്കിയ ആ നഗരത്തില്‍ സിനിമയിലെ നായകനെ പോലെ ഞാന്‍ തിരിച്ചു ചെന്നു. ഭാഷ ആശയവിനിമയത്തിനുള്ളതാണെന്ന് സായിപ്പിനു തിരിച്ചറിവുള്ളതിനാല്‍ കഥകളി, തുള്ളല്‍ തുടങ്ങിയ കലാ രൂപങ്ങളുടെ എന്തെങ്കിലും അവശിഷ്ടം ഉള്ളിലുള്ളതിന്റെ ഫലമായി ആംഗ്യ വ്യംഗ്യ ഭാഷകളിലാണു ഞാന്‍ അമേരിക്കയില്‍ പിടിച്ചു നിന്നതു എങ്കിലും ഇന്ത്യയില്‍ പിടിച്ചു നില്‍ക്കാനുള്ള വാണ്ണ, ഗോണ്ണ (wanna, gonna) ഒക്കെ ഞാന്‍ സ്വായത്തമാക്കിയിരുന്നു. അങ്ങനെ ഒരു കാലത്ത് എങ്ങനെ ഫോണ്‍ വിളിച്ച് english ല്‍ സംസരിക്കും എന്ന വ്യഥയുമായി ഞാന്‍ നടന്ന വാഷിയിലെ (നയി മുംബൈ) തെരു വീഥിയിലൂടെ നെഞ്ചു വിരിച്ചു നടന്നു. ഒരു സെക്കന്റില്‍ എങ്ങനെ വിയര്‍ത്തൊലിക്കാമെന്ന് എന്നെ പഠിപ്പിച്ച ടെലിഫോണ്‍ ബൂത്തിനു മുമ്പില്‍ നിന്നു. ഓര്‍മ്മകള്‍ അണപൊട്ടിയൊഴുകി. ഒരാഴ്ചക്കുള്ളില്‍ വിളിക്കാന്‍ പറഞ്ഞ ഏജന്‍സിയെ വിളിക്കാനായി ഒരു രാത്രി മുഴുവന്‍ ഇരുന്നു തയ്യാറാക്കി കാണതെ പഠിച്ച ഇംഗ്ലീഷ് വാക്കുകള്‍ പുലിയുടെ മുമ്പില്‍ ചെന്ന ശിക്കാരി ശംഭുവിന്റെ പോലെ അവിടെ നിന്നു ഫോണ്‍ ചെയ്തപ്പോള്‍ മറന്നു പോയതോര്‍ത്തു. ബൂത്തിനു പുറത്തിറങ്ങി ചങ്കിടിപ്പു നിയന്ത്രിക്കാന്‍ കരാട്ടെയില്‍ പഠിപ്പിച്ച ബ്രീത്തിങ് എക്സര്‍സൈസും മനസിനെ ശാന്തമാക്കാന്‍ നന്മനിറഞ്ഞ മറിയവും ചൊല്ലി വീണ്ടും കയറി വീണ്ടും പരാജയപ്പെട്ടതും സങ്കടം സഹിക്കാനാവാതെ തൊട്ടടുത്തുള്ള പാര്‍ക്കില്‍ കയറി പൊട്ടിക്കരഞ്ഞതും എവിടെയോ മനസില്‍ ഒരു പോറലായി കിടന്നു നീറി. കാലവര്‍ഷത്തില്‍ നിറഞ്ഞൊഴുകിയ മീനച്ചിലാറിന്റെ കൈത്തോടുകളിലൂടെ തിരിഞ്ഞു കയറിയ വെള്ളം അതിന്റെ തീരത്തുള്ള കുമ്പാനിയിലും, ഇടമറ്റത്തും വഴികളില്‍ കയറി ചെങ്കല്‍ നിറത്തില്‍ ഒഴുകിയത് മഴ തെളിഞ്ഞ ദിവസം തെളിഞ്ഞൊഴുകിയപ്പോള്‍ അതില്‍ ചാടിക്കളിച്ച കുട്ടികളെയും നാട്ടുകാരെയും പോലെയായി എന്റെ മനസ്, നാശങ്ങളും നഷ്ടങ്ങളും സങ്കടങ്ങളും മറന്നുള്ള ചാട്ടം.

ഷോഗണ്‍ എന്ന സ്റ്റൈലന്‍ ബൈക്ക് വാങ്ങാനിരുന്ന എന്നെ നിര്‍ബന്ധിച്ച്, നമുക്കെല്ലാവര്‍ക്കും യമഹാ ആക്കമെടാ എന്നും പറഞ്ഞ് വാങ്ങിപ്പിച്ച എന്റെ ആദ്യത്തെ വാഹനം വിറ്റ കാശുമായാണു ഈ മഹാനഗരത്തില്‍ എത്തിയിരികുന്നത്. വാങ്ങിയ അന്നു തന്നെ ധര്‍മ്മാരാം പള്ളിയില്‍ ചെന്നു വെഞ്ചരിച്ചെങ്കിലും പിറ്റേ ദിവസം തന്നെ നന്തിഹിത്സിലേക്ക് ട്രിപ് അടിച്ച ഞങ്ങള്‍ക്ക് 2 പ്രവശ്യം വണ്ടി പിസ്റ്റണ്‍ പിടിച്ചു നിന്നപ്പോള്‍ ആണ് നിറച്ചൊഴിച്ച ഓയില്‍ ടങ്കിനടിയില്‍ ഓയില്‍ പമ്പില്ലാ എന്നറിയുന്നത്. അന്നു തുടങ്ങിയ കഷ്ടകാലം തുടാര്‍ച്ചയായി അതു വില്‍ക്കുന്നതു വരെ നിലനിന്നിരുന്നു എന്നുള്ളതായിരുന്നു സത്യം. പൈക പള്ളി പെരുന്നാള്‍, ക്രിസ്തുമസ്, ന്യു ഇയര്‍ ഒക്കെ ബൈക്കില്‍ അടിച്ചു പൊളിക്കാനായി ബാംഗളൂരില്‍ നിന്നു മൈസൂര്‍ വഴി നാട്ടിലേക്കു ബൈക്ക് ഓടിച്ചെത്തിയ വഴിക്കു രാത്രിയില്‍ ചാലക്കുടിയില്‍ വച്ചു ലൈറ്റ് പോകുകയും പിന്നെ മുവാറ്റുപുഴ വരെ മറ്റു വാഹങ്ങളുടെ വെളിച്ചവും അതിനു ശേഷം സഹയാത്രികരായ മറ്റു 2 ബൈക്കുകളുടെ വെളിച്ചത്തില്‍ സഹസികമായി മൂവാറ്റുപുഴ, കൂത്താട്ടുകുളം പാലാ എല്ലാം ഓടിച്ചു പെരുന്നാള്‍ കൂടാന്‍ നാട്ടിലെത്തിയെങ്കിലും പിറ്റേന്നു തന്നെ ആന്റിയുടെ മുമ്പില്‍ സ്ക്രാമ്പിളിങ്ങും വീലിങ്ങും നടത്തിയ വകയില്‍ ചൈയിന്‍ പൊട്ടികിട്ടി. അതു നന്നാക്കാന്‍ പെരുന്നാള്‍ പ്രമാണിച്ച് അവെയ് ലബിള്‍ ആയ മെക്കാനിക് OPR ന്റെ നേര്‍ത്ത് ആലസ്യത്തില്‍ എവിടെയോ ഒരാണി അടിച്ചു കയറ്റുകയും അവസാനം
എല്ലാം കൂടി നന്നാക്കാന്‍ ആയി കട്ടപ്പുറത്തു കയറ്റണ്ടി വന്നു. ഏതോ ഒരു കൊല്ലന്റെ ഉപദേശപ്രകാരം ബോറു ചെയ്തു സ്ലീവ് ഇറക്കിയതിന്റെ വകയില്‍ മൈലേജ് 18-20 ആകുകയും പെര്‍ഫോമന്‍സ് ലൂണായുടെ പോലെ ആകുകയും ചെയ്തു. എന്തായാലും വാങ്ങിയതിന്റെ പകുതി വിലക്കു വിറ്റു രക്ഷപെട്ടു ഞാന്‍.

എന്തായാലും ഉള്ള കാശുമായി ബോംബെക്കെത്തി. വന്ന ഉടന്‍ ഏജന്‍സികളിലൂടെ നിരങ്ങല്‍ ആരംഭിച്ചു. മള്‍ടിനാഷണല്‍ കമ്പനികള്‍ അമേരിക്കന്‍ എക്സ്പീരിയന്‍സ് ഉണ്ടായിട്ടുകൂടി എന്നെ വിളിച്ചില്ല. അവര്‍ക്ക് ഇപ്പോള്‍ ആളെ ആവശ്യമില്ലാഞ്ഞിട്ടാവും എന്ന് ആശ്വസിച്ചു. എന്തായാലും അവസാനം ഒരു കമ്പ്യൂട്ടര്‍ ഇസ്റ്റിറ്റ്യൂട്ടില്‍ പ്രൊഫസര്‍ ആയി എന്നെ ബഹറിനില്‍ ജോലിക്കായി തിരഞ്ഞെടുത്തു. പാസ്പോര്‍ട്, സര്‍ട്ടിഫികറ്റ്സ് എല്ലാം അവരെ ഏല്പിച്ചു നാട്ടില്‍ വന്ന് മണലാരണ്യത്തിലേക്കു പോരുന്നതിനു മുമ്പുള്ള ചെറിയ ഇടാവേള ആഹോഷിക്കാം എന്നു തന്നെ തീരുമനിച്ചു.

അമേരിക്കയില്‍ പോയി വന്ന ചെറുക്കന്‍ ആയതിനാല്‍ ബാറില്‍ കയറുന്നതിനും മറ്റും ആരെങ്കിലും കണ്ടാല്‍ കുഴപ്പം ഇല്ല എന്ന ധൈര്യം ആയി. പിന്നീട് സമ്പത്തികം ഒത്തിരി കുറഞ്ഞപ്പോള്‍ നാട്ടിലെ കള്ളുഷാപ്പുകളും കയറിത്തുടങ്ങി, ആളുകള്‍ വിചാരിച്ചു, എന്തൊരെളിമ! സ്കോച്ചടിച്ചു നടക്കണ്ട പയ്യന്‍ ഷാപ്പിലൊക്കെ വന്നിരിക്കുന്നു. സംശയബുദ്ധിയോടെ നോക്കിയവരോടു പറഞ്ഞു ഗള്‍ഫില്‍ കള്ളു കിട്ടില്ലല്ലോ എന്നു. ഇങ്ങനെ നാടിനോടു സ്നേഹം ഉള്ളവര്‍ ആയിരിക്കണം മലയാളീസ് എന്നു അവര്‍. എന്തായാലും മാസം 5 ആയി. ഇപ്പോള്‍ വരും വരും എന്നു പറഞ്ഞ് വിസാ കാത്തിരുന്നു മടുത്തു. വില്‍ക്കാന്‍ ഇനി ബാക്കിയൊന്നും ഇല്ല, പണം പോട്ടെ പവര്‍ വരട്ടെ എന്നൊക്കെ വിചാരിച്ചിരുന്ന കാലം അല്ലേ അതു? പണം പോകുന്നുണ്ടെങ്കിലും വരവു ഇല്ല, പണം തീരുകയും ചെയ്തു, പവര്‍ കുറക്കാനും വയ്യ.

എന്തായാലും അങ്ങനെ വിസാ കാത്തു കാത്തിരുന്ന നേരത്താണു പഴയ നാഗര്‍കോവില്‍ തിരോന്തോരങ്കാരന്‍ സഹപാഠി സജീവന്‍ പൈകയില്‍ തന്നെയുള്ള മറ്റോരു സഹപാഠിയായ ടോണിയെ കാണാനായി വരുന്നത്. എന്നാല്‍ പിന്നെ സംഭവം ഒരു ഗെറ്റുഗതര്‍ ആക്കിയെക്കാം എന്നു വെച്ചു. സജീവനും ടോണിയും ടോണിയുടെ ചൊക്കടാ IND susuki ല്‍ എത്തി. ഞാന്‍ ഗള്‍ഫില്‍ പോകുന്ന പ്രമാണിച്ചു ബൈക്കു വിറ്റതിനാല്‍ (അല്ലാതെ ക്യാഷ് ഇല്ലഞ്ഞിട്ടു വിറ്റതല്ല) ട്രിപ്പിള്‍സ് വച്ചു പോകാം എന്നു തീരുമാനിച്ചു. വണ്ടി ഓടിക്കുന്നതില്‍ എക്സ്പേര്‍ട്ട്, പോരാത്തതിനു ചക്കടാ വണ്ടി ഓടിക്കാന്‍ പ്രത്യേക കഴിവ് ഇതൊക്കെ ഉള്ളതിനാല്‍ ഡ്രൈവര്‍ ഡ്യൂട്ടി എനിക്കാണ്. അങ്ങനെ ഞ്ഞങ്ങള്‍ ഇറച്ചിയില്ലാതെ ഭക്ഷണം ഇറങ്ങാത്തവനും, തൂമ്പായുടെ തഴമ്പു കയ്യില്‍ ഉള്ളവനും, പ്രത്യുത പള്ളിപ്പാട്ടു മാത്രം പാടിക്കോണ്ടിരുന്നവനുമായ സിറിളിനെ കാണാന്‍ സങ്ക്രാന്തിയിലേക്കു പോയി. ഹോസ്റ്റല്‍ ജീവിതം സിറിളിനെ ഒത്തിരി മാറ്റിയിരുന്നു. കരാട്ടെ ക്ലാസ്സില്‍ ഏറ്റവും നന്നായി എക്സര്‍സൈസ് ചെയ്യുന്നവന്‍, പച്ചക്കറി പച്ചക്കുതിന്നുന്നവന്‍, മൈക്കിള്‍ ജാക്സന്റെ ജസ്റ്റ് ബീറ്റ് ഇറ്റ് എപ്പോളും മൂളുന്നവന്‍ എന്ന നിലയിലേക്കു അവന്‍ മാറിയിരുന്നു. എന്തായാലും ഉച്ചക്കവന്റെ വീട്ടില്‍ നിന്നാവാം ഊണ്. അങ്ങനെ ഞാങ്ങള്‍ 3 പേരും സിറിളിന്റെ വീട്ടിലേക്കുള്ള ചെറിയ റോഡിലൂടെ മുന്നോട്ടു പോയപ്പോളാണ് ബൈക്കിനു ഇടത്തേക്കു ഒരു വലിച്ചില്‍ വന്നതും സജീവന്റെ കണ്ണ് കള്ള് എന്ന ബോര്‍ഡില്‍ പതിയുന്നതും. പിന്നെ അമാന്തിച്ചില്ല, 3 പേരും ചാടിയിറങ്ങി. ഭക്ഷണത്തിനു മുമ്പു അപ്പിറ്റൈസര്‍ ആയി വൈന്‍ അടിക്കുന്ന വിദേശിയരെയും, സദ്യക്കു മുമ്പ് 3 എണ്ണം അടിക്കുന്ന നാടന്‍ അച്ചായന്മാരെയും അനുകരിച്ച് തല്‍കാലം ഓരോ കുപ്പി കള്ളടിച്ചിട്ടു പോകാം എന്നു വിചാരിച്ചു. പിള്ളേരല്ലേ, അധികം ക്യാഷ് കളയിക്കണ്ടാ എന്നു വിചാരിച്ചാവാം, ഷാപ്പുകാരന്‍ തന്ന കള്ളു ഒറ്റ കുപ്പിയില്‍ തന്നെ ഞങ്ങള്‍ നല്ല ഡീസന്റ് പൂസായി.

അങ്ങനെ സിറിളിന്റെ വീട്ടില്‍ പുന്നെല്ലു കണ്ട എലിയെ പോലെ ഭക്ഷണ സാധനങ്ങളെ ആക്രമിച്ച ശേഷം ഞങ്ങള്‍ ചിന്തിച്ചു, ഇനിയെന്ത്? പണ്ടേതോ ഇംഗ്ലീഷ് കാരന്‍ പാതിരാക്കു night is still young എന്നു പറഞ്ഞ പോലെ ഇനിയുമുണ്ടല്ലോ ഞങ്ങള്‍ക്കു ധാരാളം സമയം. എന്തായാലും സിറിളിന്റെ വീട്ടില്‍ നിന്നും മൂക്കുമുട്ടെ വലിച്ചു കേറ്റിയെന്നല്ലാതെ പൂസായാതിന്റെ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കിയില്ല എന്നതില്‍ ഞങ്ങള്‍ക്കു തന്നെ ഒരു അഭിമാനം തോന്നിയെങ്കിലും, ഇനിയുമൊരങ്കത്തിനു അവന്റെ വീട്ടില്‍ ബാല്യം ഇല്ലയിരുന്നതിനാല്‍ അവന്‍ തന്നെ ഞങ്ങളുടെ കണ്‍ഫ്യൂഷന്‍ മാറ്റി തന്നു. വാടെയ്... കുമരകം പോകാം നമുക്ക്.

അങ്ങനെ ബൈക്കില്‍ ട്രിപ്പിള്‍സ് വച്ചു വന്ന കൂട്ടുകാരുടെ മറയില്‍ അപ്പന്റെ സ്കൂട്ടര്‍ എടുക്കാന്‍ സാധിച്ച സിറിളിനെയും കൂട്ടി കുമരകത്തെത്തി. ഏതോ ഷാപ്പില്‍ നിന്നും കുറച്ചു കള്ളും കൂടുതല്‍ കപ്പ, കൊഴുവ ഫ്രൈ, കരിമീന്‍ മപ്പാസ് എന്നിവയും പിരാനാ ഇരയെ ആക്രമിക്കുന്നതു പോലെ ആക്രാന്തത്തില്‍ അടിച്ചു കേറ്റി.
അതിനു ശേഷം ഇരയെ വിഴുങ്ങിയ പെരുമ്പാമ്പിനെ പോലെ കായല്‍ കാറ്റു കൊണ്ട് മയങ്ങി. അടുത്ത ഷാപ്പില്‍ കയറമെന്ന എന്റെയും സജീവന്റെയും നിര്‍ദ്ദേശത്തെ വീട്ടിലെ ഹെഡ്മാസ്റ്റര്‍ ആയ അപ്പന്റെ കാര്യമോര്‍ത്തപ്പോള്‍ ടോണിയും, കള്ളടിച്ചു കോട്ടയത്തുകൂടി വണ്ടി ഓടിക്കുന്നതിന്റെ
ദൂഷ്യത്തെക്കുറിച്ചാലോചിച്ച് സിറിളും എതിര്‍ത്തതോടെ വേദനിക്കുന്ന മനസോടു കൂടി ഞങ്ങള്‍ വഴങ്ങി. എന്നാല്‍ തിരിച്ചു വന്ന വഴി നഗമ്പടം പാലം കഴിഞ്ഞപ്പോള്‍ വണ്ടി രണ്ടും വീണ്ടും ഇടത്തോട്ടു ചെരിഞ്ഞു, ഒരു തണുത്ത ബീയറിന്റെ മണം. എന്നാല്‍ കലാശക്കൊട്ടു അങ്ങനാവാം എന്നു തീരുമാനിച്ചു 2 എണ്ണം വീതം അടിച്ചു സിറിളിനോടു യാത്ര പറഞ്ഞു വീണ്ടും ഞങ്ങള്‍ ട്രിപ്പിത്സ്.

കോട്ടയത്തിന്റെയും ഏറ്റുമാനൂരിന്റെയും തിരക്കുകള്‍ കഴിഞ്ഞു. നല്ല ഇരുട്ട്, ഇടക്കിടെ കടന്നു പോകുന്ന വാഹനങ്ങളുടെ ലൈറ്റ് എന്റെ സ്വതവേ കാഴ്ച വികലമായ കണ്ണുകള്‍ക്ക് പ്രയാസം ഉണ്ടാക്കി എങ്കിലും ഞങ്ങല്‍ 3 പേരും പഴയ വണ്ടിയും ഒരു കോമ്പ്രമൈസില്‍ അങ്ങു പോന്നു. നേര്‍ത്ത തണുപ്പുള്ള കാറ്റ്,
ആകാശത്ത് പൂര്‍ണ്ണചന്ദ്രന്‍, നിറഞ്ഞ വയര്‍, കാലാപാനിയുടെയും കള്ളിന്റെയും ബിയറിന്റെയും മിശ്രിതം നല്‍കുന്ന നേര്‍ത്ത ഉത്തേജനം. അല്പം മദ്യം വിവേകം ഉണ്ടാക്കും എന്ന ബൈബിള്‍ പഴയനിയമ വാചകം പോലെ സജീവനു പാട്ടു പാടാനൊരു തോന്നല്‍. പാട്ടിന്റെ ഈണം മാറി, താളം മാറി, പിന്നീട് വാക്കുകളും
മാറി. വെറും കോറസ് ആയിരുന്ന ഞാന്‍ മൈക്ക് കയ്യിലാക്കി. ബാംഗ്ലൂരിലുള്ള മക്കള്‍, ഗള്‍ഫ് മാതാപിതാക്കള്‍ അവിടെ ഡബിള്‍ ഡക്കര്‍ ബെഡ്ഡിലും സിംഗിള്‍ മുറിയിലും കിടന്നു കുബ്ബൂസും സോസേജുമടിച്ച് കഷ്ടപ്പെട്ടുണ്ടാക്കിയ കാശ് യാതൊരു ഉളുപ്പും ഇല്ലാതെ ഡബിള്‍ ലാര്‍ജും സിംഗിള്‍ ഓംലൈറ്റും അടിച്ചു ക്ലാസില്‍ കയറാതെ അര്‍മ്മാദിച്ചു നടക്കുന്ന കാലത്ത് പാഠങ്ങള്‍ക്കു പകരം അവര്‍ പഠിച്ച പൂരപ്പാട്ടും, പ്രോജെക്റ്റിനു പകരം അവര്‍ പാടുപെട്ടുണ്ടാക്കിയ XXX സിനിമാ പാട്ടും ഒക്കെ പാടി തകര്‍ത്തു. ടോണിയും സജീവനും കോറസ് പാടി പ്രോത്സാഹിപ്പിച്ചു, ഇവന്‍ ഒരു സകല കലാവല്ലഭനാണല്ലോ എന്നു അവര്‍ വിചാരിച്ചു. പാട്ടില്‍ സ്റ്റേറ്റ് ലെവല്‍ സമ്മാനങ്ങള്‍ വരെ ഉള്ള സഹോദരങ്ങള്‍, ബാത്ത് റൂമില്‍ ഇരുന്നു പോലും പാടാന്‍ സമ്മതിക്കാത്ത വീട്ടുകാര്‍, പറമ്പിലിരുന്നു പാടിയാല്‍ കരയുന്ന അയല്‍ വക്കത്തെ കുഞ്ഞുങ്ങള്‍, അങ്ങനെ അടിച്ചമര്‍ത്തപെട്ടു കിടന്നിരുന്ന എന്റെ ഉള്ളിലെ ഗാനഗന്ധര്‍വന്‍ ഉറഞ്ഞുതുള്ളി. എന്റെ
പാട്ടിനും പ്രോത്സാഹനം ലഭിച്ച സന്തോഷത്തില്‍ ഞാന്‍ ആദ്യ രാത്രിയില്‍ വിജയം കൈവരിച്ച മണവാളനെ പോലെയായി. ഗാനങ്ങളുടെ ആരോഹണ അവരോഹണങ്ങള്‍ക്കും സംഗതികള്‍ക്കുമനുസരിച്ചു ഇന്‍ഡ് സുസുകിയും ഞെരിഞ്ഞുപുളഞ്ഞു പുളകിതയായി. ജീവിതം എത്ര ആനന്ദദായകം, സുഖപ്രദം.

കിടങ്ങൂര്‍ ടൌണിലെത്തിയപ്പോള്‍ അതാ ഒരുത്തന്‍ കൈ കാണിക്കുന്നു. പൊട്ടന്‍! മൂന്നു പേര്‍ ഓള്‍റെഡി ഇരിക്കുന്ന ഈ ചടാക്കില്‍ ഇനി അവനും കൂടി കയറാനോ? ഞങ്ങള്‍ 3 ഉണക്കളുടെ പുറകില്‍ അവന്‍ കയറിയാല്‍ ഫ്രണ്ട് ടയര്‍ ഈ ജന്മം നിലം തൊടില്ല. രാത്രി ആയപ്പോള്‍ ഉള്ള കള്ളും അടിച്ചുകേറ്റി
മനുഷ്യരെ മിനക്കെടുത്താന്‍ നില്‍ക്കുന്നു, ഏമ്പോക്കി‍. മലബാറിനുള്ള ഫാസ്റ്റില്‍ ഞാന്‍ ലോങ്ങാ എന്നു കാണിക്കാന്‍ നടുക്കുന്നു നിന്നു ആഞ്ഞു കൈ കാണിക്കുന്ന അച്ചായന്മാരെ പോലെ കൈ കാണിച്ച അവനെ ഞങ്ങള്‍ വണ്ടി സ്ലോ ആക്കി ഒന്നു ആക്കി. ഒരേ താളത്തില്‍ ഒരേ ഈണത്തില്‍, മണിച്ചിത്രത്താഴിലെ ശോഭനയെപ്പോലെ ഉണ്ടക്കണ്ണുരുട്ടി, ഒരു കാലു പൊക്കി, പാലപ്പത്തിന്റെ നടുഭാഗം അല്ലെങ്കില്‍ മുട്ടയുടെ ഉണ്ണി പോലെ പാടിയ പൂരപ്പാട്ടിന്റെ കേന്ദ്ര ഭാഗം അവന്റെ കാതില്‍ തോം തോം തോം മുഴക്കി വീണ്ടും വണ്ടിയുടെ വേഗതയും പാട്ടിന്റെ രാഗവും നിജസ്തിതിയില്‍ ആക്കി.

പണ്ടേ എനിക്ക് എതെങ്കിലും വണ്ടി നമ്മുടെ വണ്ടിയെ ഓവര്‍ടേക്ക് ചെയ്യുന്നതു ഇഷ്ടമല്ല. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മാവന്റെ കൂടെ ജീപ്പില്‍ സ്കൂളില്‍ പോകവെ ഓവര്‍ടേക്ക് ചെയ്യാന്‍ ഒരു പരട്ട ട്രക്കറിനെ അനുവദിച്ചതിന്റെ ദേഷ്യത്തില്‍ ഗിയര്‍ മാറ്റി അദ്ദേഹത്തെ സഹായിക്കുകയും, തദ്വേര അദ്ദേഹത്തിന്റെ
കിഴുക്ക് എന്റെ ചെവിയില്‍ ഒരു ഇരമ്പലായി കുറച്ചുകാലം നിന്നെങ്കിലും ഈ ഒരു കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയും എനിക്കില്ലായിരുന്നു. പിന്നല്ലെ പുറകില്‍ നിന്നു വരുന്ന പരട്ട കാറിനെ ഞാന്‍ ഓവര്‍ടേക്ക് ചെയ്യിപ്പിക്കുന്നത്. വണ്ടിയുടെ പാര്‍ട്സിന്റെ നിജസ്തിതിയും, ജീവിതത്തോടുള്ള ആഗ്രഹവും മൂലം ടോണി പറഞ്ഞു, കേറ്റി വിട്ടേരെടാ... വല്ല മെഡിക്കല്‍ കോളേജ് കേസുമായിരിക്കും. പൊതുവേ ഇലക്ട്രോണിക് ചോക്കു ഇല്ലാത്ത ഒരു ട്യൂബ് ആയ ഞാന്‍ മെഡിക്കല്‍ കോളേജ് പുറകിലാണെന്നൊന്നും ആലോചിച്ചില്ല, അല്ലെങ്കില്‍ തന്നെ ആരേലും ഒന്നു പറഞ്ഞിട്ടു അവരെ കേറ്റി വിട്ടു രക്ഷ പെടാം എന്നു എന്റെ മനസും മന്ത്രിച്ചിരുന്നു.
എന്റെ സ്പീഡ് എന്നെ തെന്നെ പേടിപ്പിച്ചു എന്നുള്ളതായിരുന്നു സത്യം.

നിര്‍ത്തെടാ വണ്ടി.....കാറില്‍ നിന്നൊരുത്തന്‍ അലറുന്നു. ചോരത്തിളപ്പുള്ള ഞങ്ങളോടാണോ കളി, ഞാന്‍ ആക്സിലറേറ്ററില്‍ ആഞ്ഞു തിരിച്ചു. കാട്ടാനകളെ മെരുക്കുന്ന നട്ടാനയെ പോലെ ആ കറുത്ത അംബാസിഡര്‍ ഞങ്ങളെ റോഡ് സൈഡിലേക്കൊതുക്കി. വിട്ടുകൊടുക്കുമോ നമ്മള്‍! സ്റ്റാന്‍ഡില്‍ വെക്കുന്നതിനു മുമ്പേ അവര്‍ എത്തിയതിനാല്‍ വണ്ടി ഒരു കയ്യില്‍ ബാലന്‍സ് ചെയ്തു ഞാന്‍. അവര്‍ മൂന്നു പേര്‍, ഞങ്ങളും മൂന്ന്. കരാട്ടേയിലെ ഗുരുക്കന്മാര്‍ക്കു ഉള്ള സമയത്ത് ഒരു ഊസ് കൊടുത്തു ഞാനും ടോണിയും, സജീവന്‍ RSS ഇന്റെ ബാലപാഠങ്ങളും. കൈകള്‍ വളരെ വേഗത്തില്‍ ചലിച്ചു. തെറ്റിദ്ധരിക്കണ്ടാ, അടി വീണില്ല, പരസ്പരം ഗുസ്തിക്കു മുമ്പു കൈ പിടിക്കുന്ന പോലെ അങ്ങോട്ടും ഇങ്ങോട്ടും ഷര്‍ടിനു പിടിച്ചു ഓടാതിരിക്കാന്‍. ട്രിപ്പിള്‍സ് വെച്ചാണോടാ വണ്ടി ഓടിക്കുന്നതെന്നു ഒരുത്തന്‍, കൈ കാണിച്ചാല്‍ നിര്‍ത്തന്‍ മേലേന്നു മറ്റൊരുത്തന്‍. ഒരു കയ്യില്‍ വണ്ടിയിലും മറുകൈ ഒരുത്തന്റെ ഷര്‍ട്ടിലുമായി നരസിംഹത്തിലെ
ലാലേട്ടനെപ്പോലെ ഞാന്‍. അവന്റെ 2 കൈയ്യും ഫ്രീ ആയതു കൊണ്ട് ഒന്നെന്റെ ഷര്‍ട്ടിലും മറ്റേതു കുത്തിനും ആയിരുന്നു. നീയാരാടാ ചോദിക്കാന്‍ എന്നു സജീവന്‍. ഞങ്ങള്‍ പോലീസാണെന്ന് എന്നെ പിടിച്ചവന്‍. എന്റെ ക്ഷമ നശിച്ചു, പാലാക്കാരന്‍ അച്ചായന്‍ പിള്ളേരെയാണോ പേടിപ്പിക്കന്‍ വരുന്നത്? നീ പോടാ പു******* എന്നു ഞാന്‍. ദേഷ്യം കൊണ്ടു ജ്വലിച്ച ഞാന്‍ ബ്രൌണ്‍ ബെല്‍റ്റിന്റെ കുമിത്തെ ഇവനിട്ടു കൊടുക്കാം എന്നു തീരുമാനിച്ചു സഹയാത്രികരെ ഒന്നു നോക്കിയപ്പോള്‍ അവര്‍ കീഴടങ്ങിയിരുന്നു. അപ്പോളെ പകുതി കീഴടങ്ങിയ ഞാന്‍ ഓട്ടോയില്‍ വന്നിറങ്ങിയ യൂണിഫോം ഇട്ട പോലീസിനെ കണ്ടപ്പോള്‍ പൂര്‍ണ്ണമായും കീഴടങ്ങി. സജീവനു വല്ല്യ പ്രശ്നമില്ല, എനിക്കു തല്ലു കിട്ടരുതെന്നു മാത്രമായി. തല്ലു കിട്ടിയാല്‍ പിന്നെ പ്രതികാരം ചെയ്യാന്‍ ഒക്കെ നടക്കണം, പിന്നെ ചിലപ്പോള്‍ കിരീടം പോലെയായാലോ? ടോണി കാലു പിടിക്കുന്നു. കയറെടാ വണ്ടിയില്‍ എന്ന ആജ്ഞ ഞങ്ങല്‍ ശിരസാ വഹിച്ചു.

സ്റ്റേഷനില്‍ ചെന്ന ഉടന്‍ SI (എന്നെ പിടിച്ചവന്‍) പറഞ്ഞു പേര്‍ഴ്സ് എല്ലാം കൊടുത്തു ഒപ്പിട്ടു വാങ്ങിക്കോ എന്നു. ആ പോലീസുകാരനോടു ഞങ്ങള്‍ കേണപേക്ഷിച്ചു ആ പൈസാ മുഴുവന്‍ എടുത്തോ, ഞങ്ങളെ വെറുതെ വിടൂ എന്നു. ഒരു സിഗരറ്റു പോലും ഇവിടെ നിന്നു വലിപ്പിക്കുകേലാത്ത സാറാണു പുള്ളി, ഞങ്ങള്‍ക്കു ഇത്തിരി കാശു കിട്ടിയ കാലം മറന്നു എന്നു. തളര്‍ന്നു ഒരു ബെഞ്ചിലിരുന്നൂ ഞങ്ങള്‍. നമ്മുടെ നാട്ടിലെ അപ്പി തിരുവനന്തപുരകാര്‍ക്കു കുട്ടികള്‍ ആയതു പോലെ SI യുടെ നാട്ടില്‍ ഞാന്‍ വിളിച്ച ആ തെറി ഒരു സുക്രുത ജപം ആകണേ എന്നു ഞാന്‍ മനമുരുകു പ്രാര്‍ത്ഥിച്ചു. കിട്ടാന്‍ പോകുന്ന തല്ല്ലിനു എങ്ങനെ പ്രതികാരം ചെയ്യും എന്നാലോചിച്ചു. പോലീസുകാരല്ലേ, നന്നായി ചിന്തിച്ചു ചെയ്യണമല്ലോ? SI യുടെ ഇന്റെര്‍വ്യു ആരംഭിച്ചു. സജീവന്‍ അകലെയുള്ളവന്‍, അവന്റെ വീട്ടില്‍ അറിയിക്കണ്ട എന്നു അവര്‍ തീരുമാനിച്ചു. എന്റെ ചാച്ച മരിച്ചു പോയതുകൊണ്ട് എന്റെ വീട്ടിലും വേണ്ട.

പാവം ടോണി, അവന്റെ അപ്പന്‍ ഹെഡ്മാസ്റ്റര്‍, സ്റ്റീഫന്‍ ഫ്ലെമിങ്ങിനെ പോലെ ബുദ്ധിമാനായ നേതാവ് എന്നു അദ്ധ്യാപകര്‍ തന്നെ അംഗീകരിച്ചയാള്‍‍. ചൂരലും കൊണ്ടുള്ള അടി കുണ്ടിക്കിട്ടുവരുമ്പോള്‍ മുട്ടു ചെറുതായി മടക്കിയാല്‍ മുണ്ടിന്റെയും അടിച്ചന്തിയുടെയും എയര്‍ ഗ്യാപ്പില്‍ പെട്ട് ഗംഭീര ശബ്ദത്തില്‍ അദ്ധ്യാപകര്‍ക്കു അടിമൂര്‍ച്ഛയും കുട്ടികള്‍ക്ക് അഭിനയ ബാലപാഠവും നല്‍കിയിരുന്ന സിസ്റ്റത്തെ രണ്ടു കൈകൊണ്ടും മുണ്ടു വലിച്ചു പിടിപ്പിച്ചിട്ടു അടി തന്നു തോല്പിക്കുകയും, പ്രത്യുത മുണ്ടില്‍ നിന്നും പാന്റിലേക്കു ഇനി മാറിയേക്കാം എന്നു കുട്ടികളെ കൊണ്ടു ചിന്തിപ്പിക്കുകയും ചെയ്ത മഹാന്‍. അദ്ദേഹത്തെ തന്നെ അറിയിച്ചേക്കാം എന്ന പോലീസിന്റെ തീരുമാനത്തെ ഞങ്ങള്‍ കാലു പിടിച്ചു മാറ്റി. എന്നെ ഒത്തിരി ഇഷ്ടമുള്ള എന്റെ അളിയനെ അറിയിക്കാം എന്ന നിര്‍ദ്ദേശത്തെ അവര്‍ ആംഗീകരിച്ചു. അങ്ങനെ ചെറിയ ആശ്വാസത്തോടെയും കോണ്‍ഫിഡന്‍സോടെയും ആശുപത്രിയില്‍ ടെസ്റ്റിനു ചെന്നപ്പോള്‍ ഡോക്ടറെ എന്റെ അമ്മാവനും രാമപുരത്തുള്ള ഗവ. ആശുപത്രിയിലെ ഡോക്ടര്‍ ആണെന്നും മറ്റുമൊക്കെ പറഞ്ഞ് റിപ്പോര്‍ട്ട് “consumed alcohole, but not under the influence" എന്നൊക്കെയാക്കി തിരിച്ചു സ്റ്റേഷനില്‍ ചെന്നു കാത്തിരുന്നു.

അതാ വരുന്നു ടോണിയുടെ അപ്പന്‍, കൂടെ വിരലിന്റെ കരവിരുതാല്‍ കുട്ടികളെ പട്ടി പോസ്റ്റില്‍ മുള്ളാന്‍ നില്‍ക്കുന്ന പോസില്‍ ഒറ്റക്കാലില്‍ നിറുത്തുന്ന മറ്റൊരു സാര്‍. എന്റെ മൂത്ത അമ്മാവന്‍, ഇളയ അമ്മാവന്‍ അങ്ങനെ ഒരു പട. അങ്ങനെ നാട്ടിലെ മര്യാദ രാമന്മാരായി കഴിഞ്ഞിരുന്ന ടോണിയും ഞാനും ഒക്കെ
മദ്യപിക്കുമെന്നും, എന്റെ വീട്ടില്‍ പോകുന്നതു ഒരു നല്ലകാര്യത്തിനു പോകുന്നതിനു തുല്ല്യമായി കണക്കാക്കിയിരുന്നവരുമായ കുറച്ചു പേരുടെ ധാരണകള്‍ തിരുത്തിയ ഒരു സംഭവമായി മാറി അത്. നിഷ്കളങ്ക മുഖവും, സൌമ്യമായ സംസാരവും പ്രസന്ന ഭാവവുമായി നടന്നിരുന്ന ഞാന്‍ ആഭാസനായി എന്റെ കുടുംബത്തിലും കണ്‍സിഡെര്‍ ചെയ്യപ്പെട്ടു തുടങ്ങി.

എന്റെ അളിയനെ വിളിച്ചിട്ടു കിട്ടാഞ്ഞ പോലീസ്, ടോണിയുടെ അപ്പനെ വിവരം അറിയിക്കുകയും, അദ്ദേഹം എന്റെ വീട്ടില്‍ വിളിച്ചു പറയുന്നതു മോശമായതു കൊണ്ടും ഇത്തിരി സപ്പോര്‍ട്ട് വേണ്ടിയിരുന്ന കൊണ്ടും എന്റെ വീട്ടില്‍ വിളിച്ച് നമ്പര്‍ വാങ്ങി ഇളയ അമ്മാവനെ വിളിക്കുകയും, അദ്ദേഹം മൂത്ത അമ്മവനെയും പിന്നെ എതൊ രാഷ്ട്രീയക്കരെയും വിളിക്കുകയും ചെയ്ത് എല്ലാവരും കൂടി എത്തിയതും ആയിരുന്നു സംഭവം. അങ്ങനെ ഒറ്റ രാത്രി കൊണ്ട് ഒരു സംഭവം എങ്ങനെ പ്രസിദ്ധമാകുമെന്നും ഞാന്‍ പഠിച്ചു. മാത്രുകാ പോലീസ് സ്റ്റേഷന്‍ ആയതു കൊണ്ട് ആദ്യമായി SI യെ തെറി വിളിച്ച് തല്ലു വാങ്ങാത്ത ആള്‍ എന്ന പ്രസിദ്ധിയും എനിക്കു ലഭിച്ചു (ആരും വിശ്വസിക്കാറില്ല എങ്കിലും).

Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP