ഞാനൊരു പാവം പാലാക്കാരന്‍

ധാന്യമണിയും അതിലെ പേരും

>> Monday, January 2, 2012

ഒന്നര വര്ഷം മുമ്പ് ദുഫായില്‍ നിന്നും നാട്ടിലേക്ക് പോന്നപ്പോള്‍ വന്‍ സ്വപ്നങ്ങളായിരുന്നു മനസ്സില്‍ . ലീലാ കൃഷ്ണന്‍ നായരെപോലെ ഭാര്യയുടെ പേരില്‍ ഒരു ഹോട്ടല്‍ തുടങ്ങണം, ധീരുഭായ് അംബാനിയെ പോലെ ഒരു ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തണം (പറയുമ്പോള്‍ എല്ലാം പറയണമല്ലോ, ഞാന്‍ മുകേഷ്‌ അംബാനിയെ പോലെ ചിന്തിക്കാന്‍ എന്റെ അപ്പന്‍ ധീരുഭായ്‌ അംബാനിയെ പോലെ ചിന്തിച്ചില്ലല്ലോ). അങ്ങനെ പല വിധ സാമ്രാജ്യത്ത ചിന്തകളുമായി ഞാന്‍ നാട്ടിലെത്തി. ആദ്യ കാലങ്ങളില്‍ കുളിച്ചിട്ടു തന്നെ കോണകം പുരപ്പുറത്ത് ഇട്ടു. മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞപ്പോള്‍ കുളിക്കാതെയും ഇട്ടു, ഇപ്പോള്‍ പുരപ്പുറത്ത് കാണാനേ ഇല്ല. എന്തൊക്കെയായിരുന്നു സ്വപ്‌നങ്ങള്‍ ! എല്‍ ആന്‍ഡ്‌ ടി പോലെ ഒരു വന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി, ഒരു ഇന്‍ഡോര്‍ സ്പോര്‍ട്സ്‌ കോംപ്ലക്സ്‌, കമ്പത്ത് മുന്തിരിത്തോട്ടം അങ്ങനെ തുടങ്ങി എന്തൊക്കെ പ്ലാന്‍ ചെയ്തു. ചക്കക്കുരു മാങ്ങയും കൂട്ടി വലിച്ചു വാരി തിന്നിട്ടു വയറും തടവും ഉച്ചയുറക്കത്തിനു കിടന്നപ്പോള്‍ ചക്കക്കുരുവില്‍ നിന്ന് പാചക ഗ്യാസ്‌ ഉണ്ടാക്കുന്നതിനെ പറ്റി വരെ ചിന്തിച്ചു. രാവിലെ ബീഡിയും വലിച്ചു ചിന്തിക്കാന്‍ ഇരുന്നപ്പോള്‍ നല്ല വെടിചില്ലന്‍ കെമിക്കല്‍ ടോയിലെറ്റ്‌ ബസ്‌ സ്റ്റാന്റിലും പൊതു സ്ഥലങ്ങളിലും അങ്ങ് ഫിറ്റു ചെയ്തു കാശുണ്ടാക്കിയാലോ എന്ന് വിചാരിച്ചു. ആ കാര്യം മാത്രം മുട്ടിയാല്‍ പിന്നെ 100 അല്ല 1000 ആണെന്ന് പറഞ്ഞാലും ആള്‍ക്കാര്‍ ഉപയോഗിക്കുമല്ലോ.


അങ്ങനെ ചിന്തിച്ചു ചിന്തിച്ചു ഒരു അന്തവും ഇല്ലെന്നായി, എന്നാല്‍ പിന്നെ ചിന്തിക്കാതെ എന്ത് കുന്തം എങ്കിലും വരട്ടെ എന്ന് വിചാരിച്ചു. അവസാനം പഠിക്കാന്‍ പോയി, വയസാന്‍ കാലത്ത്‌ കണ്ണില്‍ ഈര്‍ക്കിലി കുത്തിവെച്ചു പഠിച്ചു. ഇത്തിരി കാലതാമസം ഉണ്ടായെങ്കിലും പരീക്ഷ പാസായി. പിന്നെ ജോലി അന്വേഷണം. അങ്ങനെ ഇത്യാതി കാര്യങ്ങളാല്‍ എന്റെ ഒന്നര വര്ഷം കഴിഞ്ഞു കിട്ടി, കയ്യിലെ കാശും തീര്‍ന്നു കിട്ടി. ഇത് വരെ മറ്റു സീരിയസ് കാര്യങ്ങള്‍ മാത്രം പ്രാര്‍ഥിച്ചു കൊണ്ടിരുന്ന അമ്മ, അമ്മായിയമ്മ, സഹോദര കളത്രസഹിതം അവരുടെ പ്രാര്‍ഥനയില്‍ എന്നെയും ഓര്‍ത്തു തുടങ്ങി. കാലക്രമേണ അവരുടെ തീക്ഷ്ണത കൂടി, ഭാര്യേടെ മൂടും ചൊറിഞ്ഞു നടക്കുന്ന ഇവനൊരു ജോലി വാങ്ങി കൊടുക്കണേ കര്‍ത്താവേ എന്ന് അവര്‍ മുട്ടിപ്പായി പ്രാര്‍ത്ഥന തുടങ്ങി.


വാഴക്കാവരയന്റെ കാര്യത്തില്‍ ദൈവം കര്‍ത്താവ് ഒരു തീരുമാനം എടുത്തു വെച്ചിട്ടുണ്ട്. അതൊന്നു മൂത്ത് പാകമായി വരട്ടെ എന്ന് കരുതി ഇരിക്കുമ്പോളാണ് നാനാഭാഗത്തു നിന്നും തീറു പ്രാര്‍ത്ഥന. ഒരു ഭാഗത്ത് ബിസിനസ് തുടങ്ങാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ മറുഭാഗത്ത്‌ ജോലിക്ക് വേണ്ടി, നമ്മളാണേല്‍ ആരേം ബുദ്ധിമുട്ടിക്കാതെ വല്ല ലോട്ടറിയും അടിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. അങ്ങനെ ദൈവം ആകെ പൊറുതി മുട്ടി ചിന്തിച്ചു, ഈ പണ്ടാരക്കാലനെ ഒന്ന് രക്ഷപെടുത്താം എന്ന് വിചാരിച്ചാല്‍ ഇവരെല്ലാം കൂടി അതിനു സമ്മതിക്കില്ലല്ലോ.


പാലാ രൂപതയിലെ അച്ചായന്മാര്‍ക്കൊക്കെ ദൈവീക കാര്യങ്ങളിലെക്കാള്‍ കൂടുതല്‍ ശ്രദ്ധ ഭക്ഷിക്കാനും പാനം ചെയ്യാനും ആണെന്ന് മുറവിളി തുടങ്ങിയിട്ട് നാളുകളായി. അതെങ്ങനാ, മെത്രാന്മാര്‍ക്ക് വരെ അതിനെ താല്പര്യം ഉള്ളൂ, പിന്നെ സക്കറിയ, ബെര്‍ളി തുടങ്ങിയ സാഹിത്യകാരന്മാരുടെ സ്വാധീനവും. അങ്ങനെ മണ്ണ്, മാംസം, മദ്യം, മദിരാശി തുടങ്ങിയ 'മ' കാര്യങ്ങളോടുള്ള മമതയുമായി നടക്കുന്ന പാലാക്കാരെ ഒന്ന് നന്നാക്കാന്‍ ബിഷപ്‌ ഹൌസിലെ ഏതോ ഒരു നല്ല കത്തനാര്‍ വിചാരിച്ചു. ബോളീവുഡില്‍ ഈയിടെ സല്‍മാന്‍ ഖാന്റെ പുതിയ സിനിമാ ബോഡിഗാര്‍ഡ്‌ ഭയങ്കര ഹിറ്റായത് കൊണ്ട് അച്ചന്മാര്‍ നേരെ ചെന്ന് അട്ടപ്പാടിയില്‍ ധ്യാനിപ്പിച്ച്‌ തകര്ത്തോണ്ടിരുന്ന സേവ്യര്‍ ഖാന്‍ എന്ന ഗുരുവിനെ വിളിച്ചു നേരെ ഭരണങ്ങാനത്തിന് കൊണ്ട് വന്നു. അങ്ങനെ അല്‍ഫോന്‍സാമ്മയുടെ മടിത്തട്ടില്‍ സല്‍മാന്‍ ഖാന്റെ ..സോറി സേവ്യര്‍ ഖാന്റെ ധ്യാനം.


ധ്യാനം കൂടാന്‍ ബന്ധുക്കള്‍ സുഹൃത്തുക്കള്‍ അങ്ങനെ അഭ്യുതയകാംക്ഷികളുടെ നിര്‍ബന്ധം സഹിക്ക വയ്യാതെ ഞാന്‍ ഞെളിപിരി കൊണ്ട് നില്‍ക്കുന്ന സമയം. പോരാത്തതിന് കഴിഞ്ഞ ദിവസം ഐ ബി എമ്മില്‍ ഇന്റര്‍വ്യുവിനു ചെന്നപ്പോള്‍ രണ്ടാം റൌണ്ടില്‍ തീരുമാനം പിന്നെ അറിയിക്കാം എന്ന് പറഞ്ഞു ജോലിക്കാര്യം പെന്ടിങ്ങില്‍ വെച്ചിരിക്കുന്ന കൂതറ തമിഴന്റെ മനസ് മാറ്റാന്‍ ഞാനും മനസ്സില്‍ പ്രാര്‍ഥിക്കുന്ന സമയം. എന്നാ പിന്നെ രണ്ടും കല്പിച്ച് ഖാന്റെ പരിപാടി ഒന്ന് കൂടിയേക്കാം എന്ന് വെച്ചു. ഒരു സേഫ്ടിക്ക് വേണ്ടി കറിയാച്ചനെയും കൂടെ കൂട്ടി.


നിരനിരയായി പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹങ്ങള്‍ക്കിടയില്‍ ഒരു പാര്‍ക്കിംഗ് ഒപ്പിച്ചു പതുക്കെ പള്ളിയുടെ അടുത്ത് ചെന്നപ്പോള്‍ അവിടെ ഒടുക്കത്തെ തിരക്ക്‌........... ദൈവമേ ഈ വന്നവര്‍ എല്ലാം കൂടി അങ്ങേക്ക്‌ അര ആപ്ലിക്കേഷന്‍ വെച്ചു തന്നാല്‍ പോലും അങ്ങ് എന്ന് അത് പ്രോസസ് ചെയ്തു തീര്‍ക്കുമോ? ഇനി എന്തായാലും ഞാനും കൂടി ഒരെണ്ണം ലോട്ടറിക്ക് ഒരു ആപ്ലികേഷന്‍ തരുന്നില്ല എന്റെ ദൈവമേ എന്ന് മനസ്സില്‍ വിചാരിച്ചു ഞാന്‍ അങ്ങോട്ട്‌ നടന്നു. അവിടെ നല്ല അച്ചടക്കത്തോടു കൂടി പതിയായിരക്കണക്കിനു ആള്‍ക്കാര്‍ കൂടിയിരിക്കുന്നു. അച്ഛന്‍ ഒരു കാലു പൊക്കി ഹാലെലൂയ പറയാന്‍ പറയുമ്പോള്‍ അവര്‍ രണ്ടു കാലും പൊക്കി പറയുന്നു. ഇത്രയും അച്ചടക്കവും അനുസരണയും ഇതിനു മുമ്പ് ഞാന്‍ ബീവരെജസിന്റെ ക്യൂവില്‍ മാത്രമേ കണ്ടിട്ടുള്ളൂ.


ഞാന്‍ അവിടെ ചെന്ന് കയറിയതെ അച്ചന്റെ സംസാരം പുതിയ ടോപ്പിക് ആയി. "ഇനി നാം പഠിക്കാന്‍ പോകുന്ന വചനം മരണത്തെ കുറിച്ചാണ്", നമ്മുടെ ഖാന്‍ പ്രഭാഷണം തുടങ്ങി. മരിക്കാതെ എങ്ങനെ ജീവിക്കാം എന്ന് കൂലംകുഷമായി ചിന്തിച്ചു കൊണ്ടിരിക്കുന്ന എനിക്ക് ഇത് തന്നെ വരണം. "അരപ്പട്ടയും മുറുക്കി വിളക്കും കത്തിച്ചു നിങ്ങള്‍ സദാ ജാഗരൂകരായിരിക്കുവിന്‍ ", ഇതാണത്രേ മരണത്തെക്കുറിച്ച് ബൈബിളില്‍ ഒരിടത്ത് പറഞ്ഞിരിക്കുന്നത്. അത് ഈ നിമിഷം ആണോ അതോ നാളെയാണോ എന്നൊന്നും ദൈവത്തിനല്ലാതെ വേറെ ആര്‍ക്കും അറിയില്ലത്രേ. വേലയും കൂലിയും ഇല്ലാത്തതിന്റെ വേദനയില്‍ ഇരുന്ന എനിക്ക് ചിന്തിക്കാന്‍ ഇനി ഒരു കാരണം കൂടി ആയി. മൂന്നു പിള്ളേരെ ഉണ്ടാക്കി വിട്ടതല്ലാതെ ഒരു കോപ്പും ഉണ്ടാക്കിയില്ല. ഉടനെയെങ്ങാനും പോയാല്‍ പിള്ളാര്‍ക്ക് കഞ്ഞികുടിക്കാന്‍ പോയിട്ട് എന്റെ ശവമടക്ക് നടത്താന്‍ പോലും കാശുണ്ടാക്കിയിട്ടില്ല. മക്കള്‍ക്കും കേട്ടിയോള്‍ക്കും എന്തേലും മെച്ചമുണ്ടാകാന്‍ ഒരു ഇന്‍ഷുറന്‍സ്‌ പോലും ഇത് വരെ എടുത്തിട്ടില്ല.  മനസ്സില്‍ കൂടി ഒരു കൊള്ളിയാന്‍ പാഞ്ഞു, അത് ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും തേരുതെരെ പാഞ്ഞു.


ഇതെല്ലാം കേട്ടിട്ട് ഇനി മകന്റെ ചോദ്യങ്ങള്‍ മരണത്തെക്കുറിച്ച് വല്ലതും ആയിരിക്കുമോ എന്ന സംശയത്തോടെ ഞാന്‍ കറിയാച്ചനെ നോക്കി. ഭാഗ്യം, അവന്‍ മരണത്തെകുറിച്ചൊന്നും ഉള്ള അച്ചന്റെ വാചകം കേള്‍ക്കുന്നില്ല. അവിടെ അമ്മമാരുടെ മടിയില്‍ ഇരിക്കുന്ന വേറെ പെണ്‍ കൊച്ചുങ്ങള്‍ എന്ത് ചെയ്യുന്നു എന്നുള്ള നോട്ടവുമായി അവന്‍ വായിനോക്കി നിന്നു. ഇടയ്ക്കു എല്ലാവരും കൈ പൊക്കി ഹാലെലൂയ പറയാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ മടിച്ചു ചുറ്റും നോക്കി. ഞാനൊഴിച്ചു സകല മനുഷ്യരും കൈപൊക്കി ആഞ്ഞു തകര്‍ക്കുവാ, കറിയാച്ചന്‍ ഉള്‍പ്പെടെ. പിന്നെ ഞാനും അമാന്തിച്ചില്ല, കൈ ഒരു പാതി പൊക്കത്തില്‍ വെച്ച് രണ്ടു ഹാലേലൂയ അങ്ങ് കാച്ചി. എന്തായാലും ആ ഹാലെലൂയക്ക്‌ ശേഷം അച്ഛന്‍ ഒരു മരണത്തെക്കുറിച്ച് പറഞ്ഞു വന്ന വഴിയില്‍ കാര്യം ഭക്ഷണത്തെ കുറിച്ചായി.


അച്ചന്റെ ഒരേയൊരു ചിറ്റപ്പന്റെ ഒരേയൊരു മകന്റെ കല്യാണം, അന്ന് അച്ചന്‍ സെമിനാരിയില്‍ ഫാദര്‍ ഖാന്‍ ആകാന്‍ പഠിക്കുന്നു. അന്നൊക്കെ വീട്ടുകാര്‍ എല്ലാം കൂടി സഹകരിച്ചു ഉണ്ടാക്കുകയാണല്ലോ സദ്യ. തലേന്ന് തന്നെ അപ്പത്തിനു മാവും കുഴച്ചു വെച്ച്, ഉലത്തനും പിരളനും റോസ്റ്റിനും വേണ്ട പക്ഷി മൃഗാദികളെ തല്ലിക്കൊന്നും എല്ലാവരും കിടക്കാന്‍ പോയി. വിഭവങ്ങളെ ഓരോന്നിനെ കുറിച്ചും വിശദമായി പറഞ്ഞപ്പോള്‍ കറിയാച്ചന്റെ മനസ്സില്‍ പോലും ഒരു ലഡു പൊട്ടി. വെളുപ്പിനെ മൂന്നുമണിക്ക്‌ എണീറ്റ്‌ നമ്മുടെ ഖാന്റെ ചിറ്റപ്പന്‍ വറക്കലിനും പൊരിക്കലിനും ചുടലിനും സ്റ്റാര്‍ട്ട്‌ പറഞ്ഞ് ഒരു കടുംകാപ്പിയും കുടിച്ചു ഇരുന്ന വഴി കാഞ്ഞു പോയത്രേ. നോയമ്പുകാലത്ത് നല്ല കോഴീടെം പോത്തിന്റെം കാര്യം പറഞ്ഞിട്ട് അച്ചന്‍ പിന്നേം മരണത്തെലോട്ടു വരുവാണോ എന്ന് ശങ്കിച്ചെങ്കിലും പുള്ളി ഭക്ഷണകാര്യത്തില്‍ തന്നെ തുടര്‍ന്നു. അത്രേം അപ്പത്തിന്റെ മാവും കോഴിയും പോത്തും വെറുതെ പോയല്ലോ എന്ന് സാധാരണക്കാരെ പോലെ ചിന്തിക്കാതെ അത് മൂലം അയല്‍വക്കത്തെ എത്രയോ വീടുകളില്‍ രണ്ടു ദിവസത്തേക്ക് അപ്പവും ചിക്കണും ഫ്രീയായിക്കൊടുത്ത ദൈവത്തിനു അച്ചന്‍ ഒരൊറ്റ സ്തോത്രം അങ്ങ് കൊടുത്തു. ഇന്നിപ്പോള്‍ ഫ്രിഡ്ജും സൌകര്യങ്ങളും വന്നതൊന്നും ഓര്‍ക്കാതെ അയല്‍വക്കത്തെ കല്യാണത്തലേന്നു അവിടുത്തെ കാരണവര്‍ ചാകണേ എന്ന് വിചാരിച്ചാണോ ആവോ എല്ലാവരും നല്ല സ്തോത്രം തന്നെ തകര്‍ത്തു. പാലാക്കാര്‍ക്ക് ഇത് തന്നെ താല്പര്യം ഉള്ള വിഷയം എന്ന് മനസിലായ ഖാന്‍ വീണ്ടും അടുത്ത കഥ, ഇത്തവണ ചപ്പാത്തിയും താറാമ്മൊട്ടയും ആയിരുന്നു വിഭവം. അത് സൈലന്റ് വാലിയിലെ കാക്കകള്‍ക്ക് കൊടുത്ത കഥയും പിന്നെ ഓരോ ധാന്യമണിയിലും അത് കഴിക്കേണ്ടവന്റെ പേരെഴുതിയ കാര്യവും ഒക്കെ പറഞ്ഞു. കറിയാച്ചന്‍ വായിനോട്ടം ഒക്കെ നിര്‍ത്തി പതുക്കെ എന്നോട് പറഞ്ഞു, "ചാച്ചേ.... നമുക്ക് വല്ലോം കഴിച്ചാലോ?..."


ഇപ്പോള്‍ നമ്മള്‍ പ്രാര്‍ത്ഥിക്കുവാണ്, ഭക്ഷണം ഒക്കെ അത് കഴിഞ്ഞാവാം എന്ന് ഞാന്‍ പറഞ്ഞു.  അച്ചന്‍ ഉള്ള കോഴീടെം മൊട്ടേടേം കാര്യം പറഞ്ഞകൊണ്ട് കറിയാച്ചന്  അത്രേം മാറ്റം ഉണ്ടായി. അപ്പോളേക്കും അച്ചന്‍ അടുത്ത ടോപ്പിക് എടുത്തിട്ടു, മരണം കഴിഞ്ഞാല്‍ പിന്നെ വിധി ആണല്ലോ?  നമ്മള്‍ ചെയ്ത പാപങ്ങള്‍ അനുസരിച്ച് നമ്മളെ സ്വര്‍ഗ്ഗം നരകം തുടങ്ങിയ സ്ഥലങ്ങളിലേക്ക് അയക്കും, അതാണ്‌ വിധി. മദ്യപന്മാരെ പുകവലിക്കാരെ എന്നൊക്കെ തുടങ്ങി കള്ളന്മാര്‍ക്കും കൊലപാതകികള്‍ക്കും ഒക്കെ ശിക്ഷ വിധിക്കുന്ന കാര്യം പറയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ കറിയാച്ചനെയും കൂട്ടി തിരിച്ചു നടന്നു. മദ്യപന്മാരെ ശൂലത്തില്‍ കുത്തി എരിതീയുടെ മുകളില്‍ നിര്‍ത്തുമെന്നും പുകവലിക്കാരുടെ മൂലത്തില്‍ ബീടിപ്പടക്കം വെച്ചു പൊട്ടിക്കും എന്നൊക്കെയുള്ള ശിക്ഷയെങ്ങാനും നമ്മുടെ ഖാന്‍ പറഞ്ഞാല്‍ പിന്നെ കറിയാച്ചന്‍ നമുക്കിട്ടു പണി തരും. നമ്മളാണേല്‍ സങ്കടം വരുമ്പോളും സന്തോഷം വരുമ്പോളും ബോറടിക്കുമ്പോളും എല്ലാം ഓരോ പെഗ് വിടുന്ന പാര്‍ട്ടിയാ.  പിള്ളേരല്ലേ... ഇനി ഞാന്‍ വീട്ടിലിരുന്നു കള്ളടിക്കുമ്പോള്‍ ദൈവത്തിന്റെ പണി കുറക്കാന്‍ അവന്‍ കോക്കുവിനെയും പാപ്പിയും കൂടെ കൂട്ടി നമ്മളെ വല്ല ശൂലത്തിലും കയറ്റിയാലോ? എന്നാലും വേണ്ടിയില്ല, മറ്റേ ബീടിപ്പടക്കത്തിന്റെ പണി ചെയ്‌താല്‍ തെണ്ടി പോകില്ലേ? എതോക്കെയായാലും റിസ്ക്‌ എടുക്കണ്ടാ എന്ന് വിചാരിച്ചു ഞങ്ങള്‍ തിരിച്ചു വീട്ടില്‍ വന്നു.


തിരിച്ചു വീട്ടില്‍ വന്നപ്പോള്‍ ധ്യാനത്തിന് പോകാന്‍ കെട്ടിയോന്റെ മനസിന്‌ മാനസാന്തരം  നല്‍കിയ യൂദാശ്ലീഹായ്ക്ക് ഒരു ഒരു നൊവേന കൂടി ചൊല്ലി അവള്‍ നല്ല നെയ്മീന്‍ മാപ്പാസ്‌ ഉണ്ടാക്കി വെച്ചിരിക്കുന്നു. ഇപ്പോള്‍ മീന്കടക്കാര്‍ വരെ സ്വര്‍ണ്ണം തൂക്കുന്ന ത്ലാസ്‌ ആണ് ഉപയോഗിക്കുന്നത്. അത് കൊണ്ടും പിന്നെ നെയ്മീന്‍ ആയതുകൊണ്ടും ഞാന്‍ നാലു കഷണം എണ്ണി വാങ്ങിച്ചു, എന്നിട്ടും 638 ഗ്രാം തൂക്കമുണ്ടായിരുന്നു. അങ്ങനെ നല്ല ചൂട് ചപ്പാത്തിയും മീന്‍ മപ്പാസും അവള്‍ വിളമ്പി വെച്ചു. ധ്യാനത്തിന് പോയപ്പോള്‍ കോക്കുവിനെ കൊണ്ടുപോകാതിരുന്നതിനു അവന്‍ പിണങ്ങി കിടന്നു ഉറങ്ങി പോയി, അവനു ഇത്തിരി കഴിഞ്ഞു വിളിച്ചു കൊടുക്കാം എന്ന് പറഞ്ഞു ഞങ്ങള്‍ മൂന്നുപേരും കഴിക്കാന്‍ ഇരുന്നു.


നല്ല രുചിയുള്ള മീനായിരുന്നത് കൊണ്ട് കറിയാച്ചന്‍ ആദ്യമേ തന്നെ അവന്റെ മീന്‍ തിന്നു. പിന്നെ പതുക്കെ കൊക്കുവിനു വച്ചിരുന്ന മീന്‍ കഷണത്തിലേക്ക് ദൃഷ്ടി പായിച്ചു. അയ്യോ മോനെ, അത് കോക്കുവിനു വെച്ചിരിക്കുന്നതാ, നീ എന്റെതെടുത്തോ എന്ന് പറഞ്ഞു ഭാര്യ അവളുടെ പുണ്യപ്രവര്‍ത്തികളുടെ എണ്ണം ഒന്ന് കൂട്ടി. ധ്യാനം കൂടിയതിന്റെ അറിവ് ഞാനും അച്ചന്റെ വാക്കുകള്‍ കടമെടുത്ത്‌ അങ്ങ് പ്രയോഗിച്ചു. എടീ പെണ്ണേ...ഓരോ ധ്യാനമണിയിലും അത് കഴിക്കേണ്ടവന്റെ നാമം എഴുതിയിട്ടുണ്ടാവും, ആ മീന്‍ കഷണത്തില്‍ കറിയാച്ചന്റെ പേരായിരിക്കും എഴുതിയിരുന്നത്. ഹോ, എന്റെ ഭര്‍ത്താവ് ധ്യാനം കൂടിയതിന്റെ ഫലം വചനങ്ങളിലൂടെ വരുന്നല്ലോ എന്നോര്‍ത്ത്‌ അവള്‍ വീണ്ടും തോത്രം ചൊല്ലി. കറിയാച്ചന്റെ കണ്ണ് വീണ്ടും അടുത്ത മീനിലേക്ക് പോയപ്പോള്‍ ഞാന്‍ പറഞ്ഞു, മോനെ, അതില്‍ കോക്കുവിന്റെ പേരാ എഴുതിയിരിക്കുന്നെ, അത് നോക്കണ്ടാ എന്ന്.


അങ്ങനെ ഞങ്ങള്‍ ഭക്ഷണം കഴിഞ്ഞു എണീറ്റു. ഞാന്‍ പതിവുപോലെ ഒരു പുകയും എടുത്ത്‌ മുറ്റത്ത്‌ കൂടി തെക്ക് വടക്ക്‌ ഉലാത്തി, ഭാര്യ കോക്കുവിനെ എണീപ്പിച്ചു കുളിപ്പിച്ച് കുട്ടപ്പനാക്കി കഴിക്കാന്‍ കൊണ്ട് വന്നു. അവിടെ വന്നു നോക്കിയപ്പോള്‍ മീന്‍ കഷണം അവിടില്ല. പ്രിയതമ സങ്കടത്തോടെ പറഞ്ഞു, എന്റെ വാഴക്കാവരയാ... നമ്മുടെ കോക്കുവിനു വെച്ച മീന്‍ പൂച്ച എടുത്തെന്നാ തോന്നുന്നേ, അവിടെ കാണുന്നില്ലല്ലോ. ഞാന്‍ ഒരു ഷെര്‍ലക് ഹോംസിനെ പോലെ രണ്ടു പുക ആഞ്ഞെടുത്ത്‌ അന്വേഷണം ആരംഭിച്ചു. അകത്തെ മുറിയില്‍ ഇരുന്ന്‍ കാറെടുത്ത് വളരെ ആവേശത്തോടെ ഓടിക്കുന്ന കറിയാച്ചനെ കണ്ടപ്പോള്‍ അവന്റെ മനസ്സില്‍ ഒരു ലഡു നേരത്തെ പൊട്ടിയ ലക്ഷണം തോന്നി. ഞാന്‍ ഈര്‍ക്കിലി ഒരെണ്ണം എടുത്തു, ഒന്നു വിരട്ടി, അവന്‍ സത്യം പറഞ്ഞു. ഭാര്യക്ക് ദേഷ്യം വന്നു, അവള്‍ ദേഷ്യത്തോടെ കറിയാച്ചനിട്ടു ഒരെണ്ണം കൊടുത്തു.


കരയുന്ന കറിയാച്ചനെ കണ്ടപ്പോള്‍ ധ്യാനം കൂടി അരൂപി കയറിയ എനിക്ക് വിഷമം തോന്നി. ഞാന്‍ അവനെ വിളിച്ചു അടുത്തിരുത്തി ഉപദേശിച്ചു. മോനെ... നിന്നോട് ഞാന്‍ പറഞ്ഞതല്ലേ അതില്‍ കോക്കുവിന്റെ പേരാണ് എഴുതിയിരിക്കുന്നത്, പിന്നെന്തിനാ അതെടുത്തത്? അതല്ലേ അമ്മ തല്ലിയത്? അപ്പോള്‍ അവന്‍ വിങ്ങിപ്പൊട്ടി പറഞ്ഞു.


"നിങ്ങള്‍ അപ്പുറത്തോട്ടു പോയപ്പോള്‍ ഞാന്‍ ആ മീനില്‍ ഒന്നൂടെ നോക്കി. അപ്പോള്‍ പെട്ടെന്ന് അതില്‍ എന്‍റെ പേര് ഒന്നു വന്നപോലെ തോന്നി, അത് മാറുന്നതിനു മുമ്പേ ഞാന്‍ പെട്ടന്നങ്ങു കഴിച്ചതാണ്".


ഒന്നും മനസിലാകാതെ മനസ്സില്‍ ചോദ്യചിഹ്നവുമായി ഇരുന്ന കോക്കുവിന്റെ ചിന്ത അപ്പോള്‍ ഇങ്ങനെയായിരിക്കാം " ദൈവത്തിന്റെ പണി അപ്പോള്‍ ഈ മീന്‍ കഷണത്തില്‍ പേരെഴുതുകയാണോ...."

Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP