ഞാനൊരു പാവം പാലാക്കാരന്‍

വീണ്ടും ചില പ്രേതകാര്യങ്ങൾ

>> Monday, November 16, 2015

ഭൂതവും പ്രേതവും, യക്ഷിയും കാളിയും, ദുർ ആയും അല്ലാതെയും മരിച്ച സകലരും, പട്ടിയും പാന്പും പഴുതാരയുമെല്ലാം... എന്തിനേറെ പറയുന്നു, കൂരിരുട്ടും ആടുന്ന വാഴയിലയും വരെ ചുമ്മാ രസം തോന്നുന്പോൾ ഒക്കെ പേടിപ്പിച്ചിരുന്ന, ഭീതിയുടെ കരാള ഹസ്തങ്ങളാൽ പുണർന്നിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു ഈ വാഴക്കാവരയന്. കാലം ഓർഡിനറി ആയി ബാല്യത്തിലും, ലിമിറ്റെഡ് സ്റ്റോപ്പ്‌ ആയി കൌമാരത്തിലും, ഫാസ്റ്റ് പാസഞ്ചർ ആയി യൗവ്വനത്തിലും ഓടിക്കഴിഞ്ഞു. അങ്ങനെ എവിടെയെക്കെയോ എങ്ങനെയെക്കെയോ പകച്ചു പോയ ഒരു ബാല്യവും, കൌമാരവും, യൌവ്വനത്തിന്റെ മുക്കാൽ പങ്കും എല്ലാം ഓടിത്തീർത്തു, ഞാനും എന്റെ പേടിയും.

അങ്ങനെചുമ്മാ പകച്ചു പകച്ചു യൗവ്വനത്തിന്റെ അവസാനമെത്തിയപ്പോളാണ് നമ്മൾ ദുബായിൽ എത്തുന്നത്. രാജ്യം വേറെയാണല്ലോ, അതുകൊണ്ട് തന്നെ യക്ഷിയും രാക്ഷസന്മാരും ഒന്നും ഇവിടെ കാണില്ല എന്ന വിചാരം എന്റെ ഉപബോധമനസ്സിൽ ഉള്ളത് കൊണ്ടായിരിക്കണം ഞാൻ ഇത്യാദി കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനൊന്നും പോയില്ല. ഏകദേശം ഒരു വർഷം കഴിഞ്ഞപ്പോൾ കല്യാണവും കഴിച്ചു. അതോടെ യക്ഷിയും കാളിയും ഒക്കെ എനിക്കൊരു ഭീഷണിയെ അല്ലാതായി.  ഗ്രഹണി പിടിച്ച പിള്ളേർ ചക്കപ്പുഴുക്ക് കണ്ടപോലെയായ എന്റെ ആക്രാന്താവേശം കൊണ്ട് പിള്ളേർ  കുറച്ചെണ്ണം ചടപടാ ഭൂമിയിലെത്തി,  അതോടെ കുട്ടിചാത്തന്മാരും പ്രശ്നമില്ലതായി. ഇപ്പോൾ സൂപ്പർ ഫസ്റ്റു പോലെ ഓടിത്തകർക്കുന്നുണ്ട്, ഇനി  പതുക്കെ ഒരു എക്സ്പ്രസ്സ്‌ ഒക്കെയായി അവസാനം കട്ടപ്പുറത്ത് കയറ്റാം എന്നാ ലെവൽ എത്തി.

ധൈര്യം കാലാന്തരേ എന്നിൽ വളർന്നു വന്നതോടെ എന്റെ കഴുത്തിലെ കൊന്ത അപ്രത്യക്ഷമായി, നന്മനിറഞ്ഞ മറിയവും കുരിശുവരയും ഇല്ലാതെയായി. അങ്ങനെ വിജ്രുഭിതനായി നിർവൃതിയോടെ നടക്കുന്ന കാലം. പിള്ളേരു വളർന്നു, ഭാര്യയും... ഞാൻ ആണെങ്കിൽ തളർന്നും തുടങ്ങി. അങ്ങനെ ഇരിക്കുന്പോളാണ് താമസിച്ചിരുന്ന ഫ്ലാറ്റിൽ  നിന്നും ഇറങ്ങണം എന്ന ഓർഡർ എത്തിയത്. വാടക കൂട്ടിത്തരാം എന്ന് പറഞ്ഞിട്ടും അവർക്ക് സമ്മതമല്ല, സമരവും കേസും ഒന്നും നടത്താനുള്ള ഏക്കവും നമുക്കില്ല. അല്ലേൽ തന്നെ കണ്ട പീറഅറബികളോടെ കേസ് കളിക്കാൻ എന്റെ പട്ടി പോകും. ഞാൻ വേറെ വീടുകൾ തകൃതിയിൽ അന്വേഷിച്ചു. എന്റെ കൂലംകുഷമായ, ആവേശത്തോടെയുള്ള അന്വേഷണത്തിനൊടുവിൽ, ദുബായിലെ സുപ്രധാന ഡെവലപ്പെറിൽ ഒരാളായ,ഒരു നല്ല കന്പനിയുടെ, വളരെ വലിയ ഹൌസിംഗ് കോളനിയിൽ ഒരു ഫ്ലാറ്റ് കിട്ടി. അവിടെ വളരെ പ്രയാസമാണ് കിട്ടുവാൻ, പക്ഷെ ഒരു ബിൽഡിങ്ങ് മുഴുവൻ റെന്റിനു കൊടുക്കുന്നു, അവിടെ നിൽക്കുന്പോൾ തന്നെ ശടെശടെന്നു ആൾക്കാർ വരുന്നു, ഫ്ലാറ്റ്എടുക്കുന്നു. ഒട്ടും അമാന്തിച്ചില്ല, ചെക്ക് എഴുതി കയ്യിൽ കൊടുത്തു. അതിനു ശേഷമേ അവർ വീട് കാണാൻ കീ പോലും തരൂ. ഇനി രണ്ടു ഫ്ലാറ്റ് മിച്ചമുണ്ട്, മൂന്നാം നിലയിലും ഒന്നാം നിലയിലും ഓരോന്ന്. മൂന്നാം നിലയിലേത് കിഴക്ക് ദർശനം, റോഡിനു പിൻഭാഗം, അതിനാൽ ശല്യങ്ങളില്ല. ഒന്നാം നിലയിലേതിനു പടിഞ്ഞാറാണ് ദർശനം, പോരാത്തതിന് റോഡിന്റെ അടുത്തും, ഒരു കൊച്ചു ഗോവണി ഉണ്ടെങ്കിൽ കള്ളന്മാർക്ക് ബാൽക്കണിയിൽ കയറി വീട്ടിൽ കയറാം. അപ്പൊ നല്ലത് മൂന്നു തന്നെ....

എല്ലാം തീരുമാനിച്ചു ഉറപ്പിച്ചു താഴെ എത്തി, സെക്യുരിറ്റിക്ക് ഒരു ഹായ് പറഞ്ഞു. മലയാളി ആണ്, ആ സ്നേഹത്തിൽ ഒന്ന് ലോഹ്യം വെച്ചു. ഈ ബിൽഡിങ് മുഴുവൻ ഒന്നിച്ചു കാലിയായതാണോ എന്ന ചോദിച്ചപ്പോൾ  അവൻ പറഞ്ഞു, അല്ല ഇത് കുറച്ചു വർഷങ്ങൾ ആയി അടച്ചിട്ടിരിക്കുക ആയിരുന്നു എന്ന്. അതെന്താ അങ്ങനെ എന്ന ചോദ്യത്തിനു അവൻ ഒരു ഊശിയ ചിരി ആണ് മറുപടി തന്നത്. അവന്റെ ചേഷ്ടകളിൽ നിന്നും എന്തോ ഒരു അരുതായ്മ തോന്നാതിരുന്നില്ല. ഫ്ലാറ്റ് കാഴ്ച ഒക്കെ കഴിഞ്ഞു അവരുടെ ഓഫീസിലേക്ക് നടക്കുന്ന വഴി എന്റെ അപാരമായ ബുദ്ധി അതിഭീകരമായി പ്രവർത്തിച്ചു. ഒന്നാം നില... റോഡിനോടു ചേർന്നുള്ള സൈഡ്... എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കിലും ഒന്നാം നിലയിൽ നിന്നും ചാടാം,കൂടി വന്നാൽ കാലോടിയും,അത്രയേ ഉള്ളൂ. റോഡുള്ളത് കൊണ്ട് എപ്പോഴും ആളും അനക്കവും കാണും. അങ്ങനെ മൂന്നു മാറ്റി ഞാൻ ഒന്നെടുത്തു. എല്ലാ ഫോർമാലിറ്റികളും കഴിഞ്ഞു, ഞാൻ അവിടെ ഇരുന്നപ്പോൾ തന്നെ മൂന്നാം നിലയിലെ ഫ്ലാറ്റും റെന്റിനു പോയി. പോകുന്ന വഴി വെറുതെ ആ ബിൽഡിങ്ങിന്റെ അടുത്ത ബിൽഡിങ്ങിൽ ഒന്ന് ചെന്ന് അവിടുത്തെ സെക്യുരിറ്റിയെ ഒന്ന് കണ്ടു, ബിൽഡിങ്ങ് 33 ന് എന്തായിരുന്നു പ്രശ്നം എന്ന് ചോദിച്ചു. പാക്കിസ്ഥാനി ആയതുകൊണ്ടും ഇപ്പോൾ ഐ ടി യിൽ അവർ വലിയ പുലികൾ ആയതുകൊണ്ടും അവൻ ഇത്തിരി കൂടി തുറന്നു പറഞ്ഞു,  ഗൂഗിൾ ചെയ്തു നോക്കിയാ മതിയെന്ന്.

കൂടി വന്നാൽ വല്ലോരും ആ ബിൽഡിങ്ങിൽ കിടന്നു വല്ലവരും ചത്തു പോയിക്കാണും, അത് നമുക്ക് പുല്ലാ... പോരാത്തതിന്  ഒരു കംപ്യുട്ടർ വിദഗ്ദൻ ആയ എന്നോട് കേവലം ഒരു സെക്യുരിറ്റി ഗൂഗിളിൽ നോക്കാൻ പഠിപ്പിക്കുന്നോ? നേരെ വീട്ടിൽ വന്നു, ഭാര്യയോടും കിടാങ്ങളോടും ഫ്ലാറ്റ് കിട്ടിയ സന്തോഷ വിവരം പറഞ്ഞു. ആ സന്തോഷത്തിൽ കുപ്പി എടുക്കാനായി അലമാര തുറന്നു, ഏതു ബ്രാൻഡ് അടിക്കണം എന്ന് നോക്കി.  തീരുമാനം പെട്ടെന്നായിരുന്നു, സെയിന്റ് റെമി. ഇനി വല്ല പ്രേത ശല്യവും ഉണ്ടെങ്കിൽ ഒരു സൈന്റ് കൂടെ ഇരിക്കട്ടെ ...

അല്പം മദ്യം വിവേകം ഉണ്ടാക്കും എന്നാണല്ലോ ബൈബിളിൽ പറഞ്ഞിരിക്കുന്നത്, രണ്ടു പെഗ് കഴിഞ്ഞപ്പോൾ ഞാൻ പതുക്കെ ഗൂഗിൾ തുറന്നു, പതുക്കെ ഗോസ്റ്റ് ഇൻ ദുബായ് എന്ന് കൊടുത്തു. Mystery of abandoned building in Dubai എന്ന തലേക്കെട്ട് എന്നെ ഹഠതാകർഷിച്ചു. ആ പേജു ഓപ്പണ്‍ ആയി വരുന്ന സമയത്ത് വെറുതെ എന്റെ കൈ കഴുത്തിൽ പരതി, ഹേയ് അവിടെ കൊന്ത ഒന്നും ഇല്ല. ഒരു ചെറിയ പ്രയാസം, ഒരു ശ്യുന്യത. സെയിന്റ് റെമി കുപ്പിയിൽ ഒന്ന് നോക്കി. മനസ് പറഞ്ഞു... വിശുദ്ധ റെമി, അനുഗ്രഹിക്കണേ...  പെട്ടെന്ന് തന്നെ സ്വർണ്ണമാലയിലെ കുരിശു കയ്യിൽ തട്ടി, അതോടെ ഞാൻ ഒരു ദീർഘനിശ്വാസം എടുത്തു. അറ്റ കൈക്ക് പ്രയോഗിക്കാൻ ഒരായുധം ഉണ്ടല്ലോ. കല്യാണത്തിനു ക്രിസ്ത്യാനികൾ പെണ്ണിന്റെ കഴുത്തിൽ താലിയും ആണിന്റെ മാലയിൽ കുരിശും ഇടുന്നതെന്തിനാണോ ആവോ, എന്തായാലും അത് ഭാഗ്യമായി. എന്തായാലും ഗൂഗിൾ പേജു ഓപ്പണ്‍ ആയി, ബിൽഡിങ്ങിന്റെ ഫോട്ടോ ഉൾപെടെ വാർത്ത. ഞെട്ടിയെങ്കിലും  പുച്ഛിച്ചു തള്ളി ഞാൻ.  ദിതൊക്കെ ദെന്ത്, തീയിൽ കുരുത്ത നമ്മളെയാണോ ഒടുക്കു കാട്ടി പേടിപ്പിക്കാൻ നോക്കുന്നത്? എങ്കിലും... ഒരു കൊന്തയോ വെന്തിങ്ങമോ...... പറ്റുമെങ്കിൽ മാർപ്പാപ വെഞ്ചരിച്ച ഒരെണ്ണം..... എവിടെ കിട്ടുമെന്ന ചിന്ത പതുക്കെ മനസ്സിൽ ഉടലെടുത്തു.

പിന്നീടുള്ള സമയത്തെല്ലാം വെറുതെ ഓരോരോ ചിന്തകൾ മനസ്സിൽ വന്നു കൊണ്ടേയിരുന്നു. എല്ലാത്തിനെയും പോസിറ്റീവ് ആയി അല്ലെങ്കിൽ ഓപ്പർച്യുണിട്ടീസ് ആയിക്കാണുക എന്ന എന്റെ പുതിയ ജീവിത തത്വം അനുസരിച്ചു ചിന്തകളെ മാറ്റാൻ ശ്രമിച്ചു. വരണ്ട യൌവ്വന കാലഘട്ടത്തിന്റെ അവസാനം സാരിയുടുത്ത യക്ഷിവരെ നമ്മളെ മോഹിപ്പിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അങ്ങനെ ഇവിടെ ഒരു കറുത്ത ഉടുപ്പിട്ട, ബോംബെ എന്ന മണിരത്നം സിനിമയിലെ, കാറ്റത്തു പാതിമറഞ്ഞ മനീഷാ കൊയ്‌രാളയുടെ രൂപം ഒക്കെ മനസ്സിൽ വിചാരിച്ചു നോക്കി. എന്ത് ചെയ്തിട്ടും മനസ്സിൽ വരുന്നത് മുഴുവൻ വൃത്തികെട്ട കിരാത രൂപങ്ങൾ മാത്രം. എന്തായാലും ജീവിച്ചല്ലേ പറ്റൂ, കള്ളിയംകാട്ടു നീലിയെ മനസ്സിൽ ധ്യാനിച്ചു ഭാര്യയുടെ ഒരു ചിത്രം മൊബൈലിന്റെ സ്‌ക്രീൻ സെർവർ ആക്കിയിട്ടു, ഹല്ല പിന്നെ.....

ഭാര്യ കുളിച്ചുകൊണ്ടിരുന്ന സമയം (അതാകുന്പോൾ പിന്നെ പെട്ടെന്ന് ഇറങ്ങിവരില്ലല്ലോ) അലമാര തുറന്നു അവളുടെ ഡപ്പികൾ തപ്പി നോക്കി. അവസാനം ഞാൻ കണ്ടു പിടിച്ചു നമ്മുടെ വജ്രായുധം. കല്യാണസമയത്ത് എന്റെ അമ്മ അവളുടെ കഴുത്തിൽ ഇട്ട, മാർപ്പാപാ വെഞ്ചരിച്ച കൊന്ത. പതുക്കെ അതെടുത്ത് അലമാരയുടെ ഷെൽഫിന്റെ അറ്റത്തു വെച്ചു, ഭാര്യ കുളികഴിഞ്ഞു വരുന്നത് നോക്കി ഇരുപ്പായി. ഹോ.... ഇതുങ്ങളുടെ ഒരു കുളി.  വേണമെങ്കിൽ എയർ ഇന്ത്യയിൽ വരെ കയറി കൊച്ചിയിൽ പോയിട്ട് വരാനുള്ള സമയം ഉണ്ടായിരുന്നു.  അവസാനം അവൾ പുറത്തിറങ്ങി. കാച്ചിയ എണ്ണ തേച്ച മുടിയിഴകൾ, മുല്ലപ്പൂവിന്റെ മണമുള്ള ഡിയോഡ്രന്റ്, വെള്ളത്തുള്ളികൾ പുണർന്നു നിൽക്കുന്ന തണുത്ത ശരീരം....ചെറുതായി മനസ്സൊന്നു പതറിയെങ്കിലും ഞാൻ ലക്ഷ്യത്തിൽ നിന്നും വ്യതിചലിച്ചില്ല. അവൾ കണ്ണാടിയുടെ മുന്പിൽ വന്ന സമയത്ത് തന്നെ ഞാൻ അലമാര തുറക്കുന്നു, എന്റെ കൈ തട്ടി കൊന്തയിരുന്ന ഡപ്പി താഴെ വീഴുന്നു, സൂക്ഷമില്ലാത്തതിനു ഞാൻ അവളെ ചീത്ത പറയുന്നു... എല്ലാം ശുഭം. താഴെ വീണ ഡപ്പി തുറന്നു കൊന്ത പുറത്തു കിടക്കുന്നു, എല്ലാം നശിപ്പിച്ചോ എന്നാ മുഖഭാവത്തോടെ അവൾ എന്നെ നോക്കുന്നു.

ഈ കൊന്തയൊക്കെ എടുത്തു വല്ല പാവം വിശ്വാസികൾക്കും കൊടുത്തുകൂടെ എന്നായി ഞാൻ. സ്വർണ്ണം ഒന്നുമല്ലാത്തതിന്റെ ആശ്വാസത്തിൽ അവൾ ആ കൊന്തയെടുത്തു ഒരു മുത്തം കൊടുത്തു, എന്നിട്ട് ഇങ്ങനെ മൊഴിഞ്ഞു. "എന്റെ അമ്മായിയമ്മ കല്യാണത്തിന്റെ അന്ന് തന്നതാ മാർപ്പാപ്പ വെഞ്ചരിച്ച ഈ കൊന്ത. ഇത് ഞാൻ ആർക്കും കൊടുക്കില്ല. പുതിയ ഫ്ലാറ്റിൽ ചെല്ലുന്പോൾ ഇത് ഞാൻ അവിടെ തൂക്കും. അന്നേരം വെറുതെ ഉടക്കാൻ വരരുത്, എനിക്കും പിള്ളേർക്കും ഇത്തിരി ദൈവ വിശ്വാസം ഒക്കെ ഉണ്ട്". ഹോ.... ഒരു കുളിർമഴ....മനസ്സിൽ മിക്ചറും കടലയും പൊട്ടി, ഞാൻ കൊതിച്ചതും അവൾ കല്പിച്ചതും ജാക്ക് ഡാനിയേൽ .....

ഇത്തിരി പുതിയ സാധനങ്ങൾ വാങ്ങാനായി ഐകിയായിൽ പോയി, അവിടെ ചെന്ന് വെറുതെ ഷെൽഫ് ഇരിക്കുന്ന സ്ഥലങ്ങളിൽ കൂടുതൽ കറങ്ങി. എങ്ങനെ ഇവളെക്കൊണ്ട്‌ വീട്ടില് ഒരു കുരിശുരൂപം വെപ്പിക്കാം എന്നാണു എന്റെ ഗൂഡാലോചന. "ഇവിടെ എന്നാ കാണാനാ കറങ്ങുന്നെ, നമുക്ക് അടുക്കള സെക്ഷനിൽ കൂടുതൽ നോക്കാം" എന്ന് പറഞ്ഞ അവളെ ഞാൻ വീട് അലങ്കോലം, സോറി , അലങ്കാരം ആക്കുന്നതിനെ പറ്റി പറഞ്ഞു പ്രലോഭിപ്പിച്ചു. ഈ പ്രാവശ്യം നമുക്ക് വീട് ഇത്തിരി മനോഹരം ആക്കണം, ഫോട്ടോകൾ, ചിത്രങ്ങൾ ഒക്കെ വീട്ടിൽ തൂക്കണം. അങ്ങനെ വളരെ പാടുപെട്ട്, അവസാനം അന്തോനീസു പുണ്യാളനു ഒരു നേർച്ചയും നേർന്നിട്ടാകണം,  കർത്താവിന്റെ കുരിശേ കിടക്കുന്ന രൂപം വെക്കാൻ ഒരു രൂപക്കൂട് വേണം എന്ന് അവളെക്കൊണ്ടു ഞാൻ പറയിച്ചു. ഒരു നിരീശ്വരവാദിയുടെ ഓരോരോ പ്രയാസങ്ങളെ....

അങ്ങനെ ഷിഫ്റ്റിങ്ങ് തുടങ്ങി. സാധങ്ങൾ മാറ്റിയ വഴിയിൽ, ലിഫ്റ്റിൽ വെച്ചു സുനീഷ് ചോദിച്ചു, "എടാ ഈ ബിൽഡിംഗ്‌ അല്ലേ മറ്റേ....." എന്റെ ഷൂവിന്റെ അഗ്രം അവന്റെ പാദങ്ങളിൽ ആഴ്ന്നിറങ്ങിയപ്പോൾ അവനു കാര്യം പിടികിട്ടി. പക്ഷെ ഭാര്യ ആരാ മോൾ, അവളതു മനസ്സിൽ വെച്ചു.  അങ്ങനെ മാറ്റം കഴിഞ്ഞു, സാധാരണ പോലെ തന്നെ അവൾ പാല് കാച്ചി, പുരുഷു ഓൾഡ്‌ മങ്ക് പൊട്ടിച്ചു. മദ്യപരദേവതകളെ ഉപാസിച്ചുകൊണ്ടിരിക്കുന്ന അനിൽ കൂടെയുള്ളതുകൊണ്ട് നന്നായി സേവിച്ചു, പക്ഷെ കിടന്നുറങ്ങുന്നതിനു മുന്പ് തന്നെ തലയിണയിൽ കവിളുരസി അവൾ ചോദിച്ചു, "ആ സുനീഷ് എന്താ പറയാൻ വന്നിട്ട് പകുതിക്കു വിഴുങ്ങിയത്?"

ഞാനാരാ മൊതല്, ഞാനാണ് ലോകത്തിലെ ഏറ്റവും വിശ്വസ്ഥനായ ഭർത്താവ് എന്നു കാണിക്കാനായി ചെയ്യുന്ന സ്ഥിരം പരിപാടി, മറ്റുള്ളവരുടെ പരസ്ത്രീ ബന്ധ കഥ തന്നെ കേൾപ്പിച്ചു. സുനീഷിന്റെ കാര്യം പറഞ്ഞാൽ അവൾ വിശ്വസിക്കില്ലാത്തതുകൊണ്ട് അവന്റെ വേറൊരു കൂട്ടുകാരൻ കഥയിലെ നായകനായി. സ്വന്തം ഭർത്താവിനു അങ്ങനെ ഒരു വിചാരിത്തിനുള്ള ഗ്യാപ്പുപോലും കൊടുക്കണ്ടാ എന്ന് വിചാരിച്ചു അവൾ താമസം വിനാ കർത്തവ്യനിരതയായി. ആദ്യദിനം അങ്ങനെ ശുഭമായി.


മഴ പൈയ്തു, മാനം തെളിഞ്ഞു, പൊടി പടലങ്ങൾ അടങ്ങി. ജീവിതം ഒഴുകിയല്ലേ പറ്റൂ. രണ്ടാം ദിവസം, കള്ളിന്റെ കെട്ടും കൂട്ടുകിടന്ന അനിലും പോയി,  വഴക്കാവരയൻ വീണ്ടും പേടിയിലാണ്ടു. ഈ ബിൽഡിങ്ങിൽ മാത്രം വേറെ ആരുംവന്നതായി കാണുന്നില്ല. വൈകുന്നേരം ഭാര്യയേയും കുട്ടികളെയും കൊണ്ട് വണ്ടിയിൽ കയറി, വെറുതെ നമുക്കു സ്ഥലമൊക്കെ കാണാമെന്നു പറഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും തന്നന്നാ വെച്ചു കറങ്ങി. ഞങ്ങളുടെ ഫ്ലാറ്റിൽ അല്ലാതെ വേറൊരിടത്തും മെഴുകുതിരി വെളിച്ചം പോലും കാണുന്നതേ ഇല്ല. അപ്പോൾ ഇന്നും നമ്മൾ മാത്രമേ ഇവിടുള്ളൂ..

തിരികെ വന്നു, ഒരു ധൈര്യത്തിനു ഇന്നലത്തെ മിച്ചം ഓൾഡ്‌ മങ്ക് തപ്പി. അനിലാരാ മോൻ, അത് തീർത്തിട്ടു കുപ്പികത്ത് തീപ്പെട്ടി കൊള്ളിയും ഉരച്ചിട്ടിട്ടാ പഹയൻ പോയത്. അങ്ങനെ വർഷങ്ങൾക്കു ശേഷം അന്ന് ഞാൻ അന്പത്തിമൂന്നുമണി ജപം ചൊല്ലി. ഭാര്യ കുളിക്കാൻ കയറിയ സമയത്ത് കട്ടിലിന്റെ നാല് വശത്തും ആരും കാണാതെ കുരിശു വരച്ചു. അവൾ വന്നു ലൈറ്റ് ഓഫ് ചെയ്യും മുന്പേ പുതപ്പിന്റെ അടിയിൽ മുഖം ഒളിപ്പിച്ചു കണ്ണടച്ചു. ഇനി ഭൂതപ്രേതാദികൾ അല്ല അവരുടെ തന്ത വന്നാൽ ഞാൻ കണ്ണ് തുറക്കില്ല എന്ന കടുപ്പിച്ച തീരുമാനത്തിൽ.

മൂന്നാം ദിനം, മരിച്ച കർത്താവീശോ മിശിഹ വരെ ഉയർത്തെഴുന്നേൽറ്റതാ, പിന്നാ നമ്മുടെ പ്രശ്നങ്ങൾ. വണ്ടിയുമെടുത്ത് കറങ്ങിയപ്പോൾ ദേണ്ടേ.... ഒന്നിന് പകരം രണ്ടു ഫ്ലാറ്റുകളിൽ ലൈറ്റ്.

എന്റെ ജീവിതത്തിലെ മറ്റൊരു കാലഘട്ടത്തിലേക്കുള്ള പ്രയാണം ആണ് അവിടെ ആരംഭിച്ചത്. എവിടെയാ താമസം എന്നാരെങ്കിലും ചോദിച്ചാൽ പിന്നെ ഞാനൊരു തകർപ്പാണ്, രാഹുൽ ഈശ്വർ പറയുന്ന പോലെ ഗൂഗിൾ ചെയ്തു നോക്കാൻ പറയും. പ്രേതബാധയുള്ള ബിൽഡിങ്ങിൽ ആദ്യമായി വന്നു താമസിച്ച അതി ധൈര്യവാൻ വാഴക്കാവരയൻ എന്ന് ഞാൻ എന്നെത്തന്നെ വിളിച്ചു തുടങ്ങി.

അങ്ങനെ വർഷം ഒന്ന് കൂടി കഴിഞ്ഞു, വീട്ടു വാടക വീണ്ടും കൂട്ടി. അയൽവക്കത്തെ ബിൽഡിങ്ങിൽ താമസക്കാരനും, പഴയൊരു കമ്മ്യുണിസ്റ്റും, തദ്വാര ദൈവത്തെയും പ്രേതത്തെയും എതിർപ്പുള്ളവനും ആയ തോമാച്ചൻ എനിക്കു പല കാര്യങ്ങളും യുക്തി ഭദ്രമായി വിശദീകരിച്ചു തന്നുകൊണ്ടിരുന്നു. ഇലക്ട്രിക്കൽ ആയും പ്ലംബിംങ് സംബന്ധമായും ഉള്ള പിഴവുകൾ കൊണ്ടും, പണിത കന്പനിയും ആയുള്ള പ്രശ്നങ്ങൾ കാരണം ആണ് ആ കെട്ടിടം വെറുതെ കിടന്നത്.  അതുംകൂടി കേട്ടപ്പോൾ ഞാൻ ഭയങ്കര ധൈര്യശാലി ആയി മാറി, കൂടാതെ യുക്തി വാദികളുമായി ഞാൻ ഓണ്‍ലൈൻ ബന്ധം ഒക്കെ ഉണ്ടാക്കിയെടുത്തു. അങ്ങനെ ഞാനും ഒരു പാലാക്കാരൻ സാറായി. അതും പോരാഞ്ഞു എന്തെങ്കിലും ഭയയും ഭീതിയും ഉള്ളവർ ഒക്കെ എന്നോട് അഭിപ്രായം വരെ ചോദിക്കാനും തുടങ്ങി.

അങ്ങനെ ഒരു ദിനം, സ്ഥലം നമ്മുടെ ഏരിയായിൽ തന്നെയുള്ള ഒരു മദ്യപാന സദസ്. സംസാര വിഷയം എപ്പോളോ പ്രേതത്തിൽ എത്തി (ഇല്ലെങ്കിൽ ഞാൻ എത്തിക്കും). സുനീഷ് എന്നെ പൊക്കി പറഞ്ഞു. ഈ വാഴക്കാവരയനെ സമ്മതിക്കണം എന്നൊക്കെ പറഞ്ഞു എന്റെ ധൈര്യത്തെ വാഴ്‌ത്തിപ്പാടി. വയസു നാൽപതു കഴിഞ്ഞല്ലോ, പുകഴ്ത്തൽ കേൾക്കുന്പോൾ കുളിരുന്ന പ്രായം ആയല്ലോ. ഞാൻ ചുമ്മാ ഗമയിൽ ദിതൊക്കെ ദെന്ത് എന്നാ ജാടയിൽ കാലും കുലുക്കിക്കൊണ്ടിരുന്നു. എല്ലാവർക്കും നമ്മളെ ഒരു ബഹുമാനം. എന്നെ പറ്റി എനിക്ക് തന്നെ വലിയ മതിപ്പ് തോന്നി, വീണ്ടും വീണ്ടും ഞാൻ എന്നെ വിമൽകുമാർ എന്ന് വിളിച്ചു. പക്ഷെ അന്നാണ് നമ്മുടെ ബിൽഡിങ്ങിലെ പ്രേതത്തിന്റെ സ്വഭാവ വിശേഷങ്ങളെക്കുറിച്ച് പുതിയ അറിവുകൾ കിട്ടിയത്.

പ്രേതത്തിനു ജലവുമായി നല്ല ബന്ധമുണ്ട്. പ്രേതം വന്നാൽ ഉടനെ കാലിലോ അല്ലെങ്കിൽ ഉടലിലോ നമുക്ക് ഒരു നനവ്‌ ഒക്കെ അനുഭവപ്പെടും. പിന്നെ പൈപ്പ് തനിയെ തുറക്കുക, ലൈറ്റു തനിയെ ഓഫാകുക, പേസ്റ്റും ബ്രഷും ഒക്കെ നനഞ്ഞിരിക്കുക തുടങ്ങിയ ലൊട്ടുലൊടുക്ക് പേടിപ്പീര് മുതൽ ബാത്ത് റ്റബിൽ കുഴുത്തിനു പിടിച്ചു മുക്കുക, ഫ്ലഷ് ടാങ്കിലെ വെള്ളം ദേഹത്തോട്ടു ചീറ്റുക, ഷവറിൽ നിന്നും തിളച്ച വെള്ളം വീഴ്തുക തുടങ്ങിയ കഠിന പ്രയോഗങ്ങളും പ്രേത ചേച്ചിക്ക് കയ്യിലുണ്ടത്രേ !

നാസയിലെ കാര്യങ്ങൾ വരെ കാര്യകാരണ സഹിതം വിശദീകരിക്കുകയും, മംഗൽയാനിലെ ക്യാമറയുടെ ലെൻസിന്റെ നിലവാരം കാനോണ്‍ ലെൻസിനെക്കാളും പതിനൊന്നേകാൽ  മടങ്ങ്‌ മികച്ചതാണെന്നു തെളിയിക്കുകയും ഒക്കെ ചെയ്യുന്ന തോമാച്ചൻ ഉള്ളപ്പോളാണോ വിശകലനത്തിന് പ്രയാസം!  അദ്ദേഹം അത് വളരെ വ്യക്കതമായും ശക്കതമായും തെളിയിച്ചു തന്നു. പണ്ട് വ്യാപ്തം, വെലോസിറ്റി, വോൾട്ടേജ് തുടങ്ങി ഗുരുത്താകർഷണവും ഗുരുത്വവും ഒന്നും പഠിക്കാതിരുന്നതിന്റെ ഗുണം. അങ്ങനെ ഭയത്തിന്റെ നേരിയ കണങ്ങൾ ഉണ്ടാകുന്പോൾ തന്നെ തോമാച്ചനെ കണ്ടു ധൈര്യം സംഭരിച്ചു പോന്നു.

അങ്ങനെ ഒരു രാത്രി, അയൽവക്കത്തു നിന്നും നാട്ടിൽ പോയ ശശിച്ചേട്ടൻ തിരിച്ചുവന്നപ്പോൾ കൊണ്ടു വന്ന ഉലത്തിയ പോത്തിറച്ചിയുടെ ഒരു കൊച്ചു വീതം കൈയ്യിലെടുത്ത്, ഇനി ഇത് ഇവിടെ നിന്നും നാട്ടിലേക്ക് കൊണ്ട് പോകേണ്ടി വരുമല്ലോ എന്ന ആത്മഗതവുമായി തോമാച്ചന്റെ വീട്ടിലേക്ക് ചെന്നു. ബെല്ലോന്നുമടിക്കാതെ കതകുതുറന്നു കയറിയപ്പോൾ ഞെട്ടിപ്പോയി.  അതാ അവിടെ വികാരി അച്ചൻ നിന്ന് പ്രാർഥിക്കുന്നു, മുട്ടേൽ കുത്തി നിന്നു കൈ വിരിച്ചു നിന്ന് തോമാച്ചൻ ആമ്മേൻ ചൊല്ലുന്നു.

അച്ചൻ തലക്കുപിടുത്തവും വെള്ളം തളിയും ഒക്കെ കഴിഞ്ഞു പോയി. ഞങ്ങൾ തലയ്ക്ക് പിടിക്കാൻ ഇത്തിരി വെള്ളവും അടിച്ചു. തോമാച്ചൻ ദൈവത്തെക്കുറിച്ചും നാസയും മറ്റും ദൈവത്തെക്കുറിച്ച് പറയുന്ന കാര്യങ്ങളും, അവർ നൽകുന്ന അതിനുള്ള തെളിവുകളെ പറ്റിയും, ഐ എസ് ആറോ വരെ റോക്കറ്റ് വിടുന്നതിനു മുന്പ്  തേങ്ങയുടക്കുന്നതിനെ പറ്റിയും വിശദീകരിച്ചു. കൂടെ എപ്പോളോ പത്താം ക്ലാസിലായ മകൾ ഏതോ ഒരു ജാതിക്കാരനെ പ്രേമിക്കാൻ തുടങ്ങിയതും. വലിയ ബുദ്ധി ഒന്നുമില്ലെങ്കിലുംഅവസാനം പറഞ്ഞ കാര്യം തോമാച്ചന്റെ തലച്ചോറിലെ ചില കോശങ്ങളെ ബാധിച്ചതും, തോമാച്ചന്റെ ചിന്തകൾ കമ്യുണിസവും യുക്തിവാദവും മാറ്റി മതവും പ്രാർഥനയും സ്വീകരിച്ചതിനെയും മനസ്സിലാക്കാൻ എനിക്ക് പ്രയാസമുണ്ടായില്ല. യുക്തിവാദത്തിന് സഹായിയായി അടുത്തുണ്ടായിരുന്ന ഒരാൾ പിൻവലിഞ്ഞ പ്രയാസം തോന്നിയെങ്കിലും.    

അങ്ങനെ കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി, വ്യാഴാഴ്ച്ച രാത്രിയിലെ ജലപാനത്തിന്റെ ക്ഷീണവും, തലവേദനയും മാറാൻ ഉച്ചമുതലേ തുടങ്ങിയ സേവ ഉച്ചസ്ഥായിയിൽ എത്തിയ സമയത്താണ് തോമാച്ചൻ വിളിച്ചത്. അവിടെ ചെന്ന എന്നെ വീണ്ടും ഞെട്ടിച്ചു കൊണ്ടു തോമാച്ചൻ പറഞ്ഞു, അവൻ വെള്ളമടി നിർത്തിയത്രെ! അവിടെയിരിക്കുന്ന മിച്ചം വന്ന അരക്കുപ്പി റിമി ടോമി, സോറി, റെമി മാർട്ടിൻ തരാൻ വിളിച്ചതായിരുന്നു. ഏതായാലും ചെന്നതല്ലേ, ഇത്തിരി കത്തി വെച്ചു, ഒരു മേന്പോടിക്ക് റിമി ഇടയ്ക്കു ഒന്ന് രണ്ടെണ്ണം സേവിക്കുകയും ചെയ്തു. തോമാച്ചൻ കൂടുതലും ദൈവവും പിശാചും തമ്മിലുള്ള യുദ്ധവും,  സ്വർഗ്ഗവും നരകവും തമ്മിലുള്ള വിത്യാസവും ഒക്കെയാണ് പറഞ്ഞത്. കൂടാതെ അവിടുത്തെ വാടർ ടാങ്കിൽ കിടന്ന ഒരു ശവത്തിന്റെ കാര്യവും.

തൊമാച്ചൻ പൂർണ്ണമായും കൈവിട്ടു എന്ന് മനസിലായ ഞാൻ പാതി രാത്രിയിൽ അവിടെ നിന്നിറങ്ങി വീട്ടിലേക്കു നടന്നു. വെള്ളിയാഴ്ച്ച ആയതുകൊണ്ടും ഒരു കൊച്ചു മഴ പെയ്തതുകൊണ്ടും ആയിരിക്കും ആകെ ഒരു വിജനത. വിവധതരം മദ്യം എന്റെ തലച്ചോറിലെ കോശങ്ങൾക്കിടയിലുള്ള ഏതോ ഒരു ഞരന്പിനെ ഉത്തേജിപ്പിക്കുകയും മണിച്ചിത്രത്താഴിലെ പപ്പുവിനോടെന്ന പോലെ എന്നോട് വെള്ളം എന്ന് മന്ത്രിക്കുകയും ചെയ്തു. അത് കേട്ട് ചാടി കടന്ന വഴി എന്റെ ചെരുപ്പിന്റെ വള്ളിയും പൊട്ടി. നഗ്നത ഏതൊരു പുരുഷനെയും ഉത്തേജിപ്പിക്കുമല്ലോ, എന്റെ നഗ്ന പാദങ്ങൾ കുഞ്ഞു കല്ലുകളിൽ കയറി, അതിന്റെ പ്രഷറിൽ നിന്നും ഉരുത്തിരിഞ്ഞ സ്പുലിംഗങ്ങൾ എന്റെ തലച്ചോറിന്റെ വിവിധ ഭാഗങ്ങളെ ഉത്തേജിപ്പിക്കുകയും തദ്വാര, എന്റെ  ബുദ്ധിക്കും ഓർമ്മയ്ക്കും തെളിച്ചമേകുകയും ചെയ്തു കാണണം.

അങ്ങനെ ഞാൻ നമ്മുടെ കെട്ടിടത്തിൽ എത്തി, ലിഫ്റ്റിൽ ഞെക്കിയെങ്കിലും അത് ആറാം നിലയിൽ നിന്നും താഴേക്ക്‌ വരുന്ന സമയത്ത് ആണ് എന്റെ ഉത്തേജനം വന്ന ബുദ്ധി കൊളസ്ട്രോളും വ്യായാമവും ഒക്കെ ഓർമ്മയിൽ കൊണ്ട് തന്നത്. നേരെ വാതിൽ തുറന്നു നടയിൽ കയറി, അവിടെ വെളിച്ചം ഒന്നും ഇല്ല, സ്വിച്ച് പരത്തി നോക്കി, കണ്ടില്ല. ഒരു നിലകയറാൻ എന്തിനു വെളിച്ചം. പകുതി കയറിയപ്പോളേക്കും ഒരു സ്ത്രീയുടെ നേർത്ത ചിരി. ഒരു കൊള്ളിയാൻ എവിടെയൊക്കെയോ മിന്നിയെങ്കിലും മനസ്സിൽ ആയിരുന്നത് കൊണ്ട് ഒന്നും കാണാൻ പറ്റിയില്ല. ഒരു വിറയൽ എന്നെ ബാധിച്ചു, നിരീശ്വരവാദി കിളി പോയതുപോലെ  പോയി, കൈ കഴുത്തിലെ കുരിശിലേക്ക് നീണ്ടു. പെട്ടെന്നാണ് എനിക്ക് മനസ്സിലായത്‌, എന്റെ കാലുകളിൽ നനവ്‌. സെർജി ബുക്കയോ ഉസൈൻ ബോൾട്ടോ ജാക്കിച്ചാനൊ എന്റെ മുന്പിൽ ഒന്നുമല്ല എന്നാ രീതിയിൽ ഞാൻ ചട്ടവും ഓട്ടവും ഒന്നിച്ചുള്ള എന്തോ ഒന്ന് കാണിച്ചു. ഇപ്രാവശ്യം ഒരു യക്ഷിയുടെ അലർച്ച ഞാൻ കേട്ടു, വെളുത്ത ദ്രംഷ്ടകൾ ഞാൻ കണ്ടു. ഒരു ആർത്ത നാദത്തോട് കൂടി ഞാൻ നിലംപതിച്ചു. എല്ലാം പറയണമല്ലോ, ഞാൻ സ്ലോമോഷനിൽ നിലത്തേക്കു പോന്ന വഴിയിൽ യക്ഷിയുടെ നിമ്നോന്നതങ്ങളുടെ ഒരു ഫീലും കിട്ടിയിരുന്നു, അതുകൊണ്ട് അത് യക്ഷി തന്നെ ആയിരുന്നു. 

പിന്നീട് കണ്ണ് തുറക്കുന്പോൾ ഞാൻ നിലത്തു കിടക്കുന്നു, മഗ്ഗിൽ വെള്ളവുമായി നില്ക്കുന്ന ഭാര്യ, അയൽവക്കത്തെ മനോജും ഭാര്യയും, പിന്നെ ആരാണ്ടൊക്കെയോ. തല ഒന്നുകൂടി ചെരിച്ചു നോക്കിയപ്പോൾ കണ്ടു, സെക്യുരിറ്റിയും വേറൊരാളും ചേർന്ന് പൊക്കിയെടുത്ത് കൊണ്ട് പോകുന്ന ഒരു ആഫ്രിക്കൻ പെണ്ണ്. മേന്പോടിക്ക് ഇത്തിരി ശർദ്ദിലിന്റെയും മൂത്രത്തിന്റെയും മണവും.

അവളെ കയറി പിടിച്ചപ്പോൾ അടികൊണ്ടു വീണതെന്ന് പറയണോ അതോ പേടിച്ചു വീണതെന്ന് പറയണോ എന്ന് ചിന്തിച്ചു ഞാൻ വീണ്ടും കണ്ണുകളടച്ചു.....









Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP