ഞാനൊരു പാവം പാലാക്കാരന്‍

പാവപ്പെട്ട മദ്യപാനി... (പാവം പ്രവാസി)

>> Sunday, September 17, 2017


അങ്ങനെ കുറച്ചു നാളുകൾക്കു ശേഷം വാഴക്കാവരയൻ ഒന്നു നാട്ടിൽ പോകുകയാണ്. കാര്യം എട്ടു പത്തു ദിവസത്തേക്ക് ആരോഗ്യസംബന്ധിയായ കാര്യങ്ങൾക്കാണ്‌ പോകുന്നതെങ്കിലും, ഒരു പാവം പ്രവാസിയുടെ നാട്ടിലേക്കുള്ള യാത്രയല്ലേ. പതിവുപോലെ വീട്ടുകാര്, കൂട്ടുകാര്, നാട്ടുകാര് അങ്ങനെ കള്ളു കുടിക്കാനും കുടിപ്പിക്കാനും ഉള്ള ലിസ്റ്റു നോക്കുന്പോളേ ചങ്കിലൊരു വലിവാ... എത്ര കുപ്പി കൊണ്ടുപോയാലും തികയില്ല.

എല്ലാം പെട്ടെന്നായിരുന്നു. ആരോടും വിളിച്ചു പറയാൻ നിന്നില്ല, ടിക്കറ്റ് എടുത്ത്, എയർപോർട്ടിൽ ചെന്നു. ചെക്കിൻ ചെയ്തു കഴിഞ്ഞപ്പോൾ ഫ്‌ളൈറ് ഒരു മണിക്കൂർ ലേറ്റ്. ഡ്യൂട്ടി ഫ്രീയിലൂടെ ഒന്ന് കറങ്ങി. ഓഫറുകളും ബ്രാൻഡുകളും ഒക്കെ കണ്ടു ആകെ കൺഫ്യൂഷൻ. കൊച്ചിയിൽ ആണ് റേറ്റ് കുറവ്, അതിനാൽ ഇവിടെ നിന്നും എന്തേലും സ്പെഷ്യൽ ആയിട്ടുള്ളത് കൊണ്ട് പോകണം. രണ്ടെണ്ണം ഒതുക്കമുള്ളതു വാങ്ങിയാൽ ലാപ്‌ടോപ്‌ ബാഗിൽ ഒതുക്കിയിടാം. പിന്നെ അവിടെ അവിടെ ചെന്ന് ഒന്നുമറിയാത്ത പോലെ രണ്ടെണ്ണം കൂടെ വാങ്ങാം. എന്നാലും ഇനി ബാക്കി കുപ്പികൾക്കു എന്ത് ചെയ്യും എന്ന വേദനയുമായി നേരെ ചെന്ന് ലോഞ്ചിൽ കയറി. ഒരു ക്രെഡിറ്റ് കാർഡ് ഉള്ളത് കൊണ്ട് ഫ്രീ ആയി കള്ളടിക്കാം, ഫളൈറ് ലേറ്റായ വിഷമവും മാറും, കുപ്പി തിരഞ്ഞെടുക്കാൻ ഒരു ഡിസിഷൻ മേക്കിങ് കപ്പാസിറ്റിയും കിട്ടും.

നേരെ ചെന്നത് ബാറിന്റെ അടുത്ത്, കുപ്പികൾ പലതിരിക്കുന്നതിൽ നിന്നും എന്ത് വേണം എന്ന് കൺഫ്യൂഷൻ. ഒട്ടും അമാന്തിച്ചില്ല, ജാക്ക് ഡാനിയേൽ ഒരെണ്ണം എടുത്ത് രണ്ടു ഐസും ഇട്ടു പോയി ഒരു സോഫയിൽ മലർന്നിരുന്നു. ആ പ്രേമം സിനിമയിലെ മലർ മിസ്സുണ്ടായിരുന്നേൽ ഈ മലർന്നിരിക്കുന്ന സമയത്ത് രണ്ടു മലർ വർത്തമാനം പറയാരുന്നു. ഒന്ന് കഴിഞ്ഞു, രണ്ടും മൂന്നും പെട്ടെന്ന് കഴിഞ്ഞു. ഇനിയും കഴിയാൻ നിന്നാൽ പഴയ പോലല്ല, കരളും പാൻക്രിയാസും ഒക്കെ വീങ്ങാൻ തുടങ്ങിയോ എന്ന സംശയം ഉള്ളത് കൊണ്ടും, അയ്യപ്പ ബൈജു സ്‌റ്റെയ്‌ലിൽ വിമാനത്തിൽ കയറാനുള്ള ചമ്മലും ഓർത്തു വെറുതെ സോഡാ എടുത്ത് കുടുച്ചുകൊണ്ടിരുന്നു. ഒരു മലരും മിണ്ടാൻ വന്നില്ലെങ്കിലും അപ്പോളേക്കും ഒരു കോട്ടിട്ട സാർ വന്നു. പുള്ളി അദാനിയായപ്പോൾ ഞാൻ അംബാനിയായി, പാവപ്പെട്ട വേദനിക്കുന്ന കോടീശ്വരനാമാരായ ഞങ്ങൾ പ്രായസങ്ങൾ പങ്കുവെച്ചു, വീണ്ടും ഈരണ്ടടിച്ചു.

നിങ്ങൾ അവിടെ താമസിക്കാൻ പോവ്വാണോ, ഫളൈറ്റിൽ കയറാൻ സമയമായി എന്ന് പുള്ളിക്കാരന്റെ ഭാര്യ ഫോണിലൂടെ പറഞ്ഞപ്പോൾ ഞങ്ങൾ പിരിഞ്ഞു. ഓടി ഡ്യൂട്ടി ഫ്രീയിൽ ചെന്ന് ഓടിച്ചിട്ടു നോക്കിയപ്പോൾ ദാണ്ടെ ഇരിക്കുന്നു 89% ആൽക്കഹോൾ ഉള്ള അബ്സെന്റെ. എല്ലാ പ്രാവശ്യവും എന്തെങ്കിലും വെറൈറ്റി സാധനം കൊണ്ട് പോകാറുണ്ട്, ഈ പ്രാവശ്യത്തെ സ്പെഷ്യൽ അതാവട്ടെ. രണ്ടെണ്ണം എടുത്ത് നേരെ ബാഗിന്റെ ഉള്ളിൽ ഭദ്രമായി വെച്ചു. ഓടിച്ചെന്നു വിമാനത്തിൽ കയറി, നമ്മുടെ സീറ്റ് ലക്ഷ്യമാക്കി നടക്കുന്പോൾ ദേണ്ടെ ബിസിനസ് ക്‌ളാസിൽ ഇരിക്കുന്നു നമ്മുടെ പഴയ കഥാപാത്രം അദാനി. പുള്ളി ശരിക്കും ഒരു അദാനി ആയിരുന്നു, ഞാൻ ഞാനല്ലാത്ത ഭാവത്തിൽ നേരെ പിന്നിൽ പോയി എന്റെ ഒടുങ്കല്ലി സീറ്റിൽ ഇരുന്നു.

വിമാനം പൊങ്ങി, ഡ്രിങ്ക്സ് കൊണ്ട് വന്നു. എന്റെ അടുത്തിരുന്ന യുവമിഥുനങ്ങൾ ബിയറും വിസ്കിയും പറഞ്ഞപ്പോൾ  ഞാൻ ജസ്റ്റ് വാട്ടർ എന്ന് പറഞ്ഞു മര്യാദ രാമനായി. നാട്ടിൽ ചെന്ന് കൂട്ടുകാർക്ക് അബ്സെന്റെ ഒഴിച്ച് കൊടുത്തു വീരനാകുന്ന കിനാവുകണ്ടു ഞാൻ ഒറ്റ ഉറക്കം,അത് കഴിഞ്ഞെഴുന്നേൽക്കുന്പോൾ അടുത്തിരിക്കുന്ന മിഥുനങ്ങൾ മൂക്കിലും ചെവിയിലും പഞ്ഞി വെച്ചിരിപ്പുണ്ട്. ജാക് ഡാനിയേലിന്റെ മണം, എന്റെ കൂർക്കം വലി. എന്തായാലും അവരെ ചിരിച്ചു കാണിക്കാനൊന്നും നിന്നില്ല. ഇറങ്ങി, നേരെ ഡ്യൂട്ടി ഫ്രീയിൽ ചെന്നു. പുതിയ ടെർമിനൽ ഒക്കെ ആയതുകൊണ്ടായിരിക്കും, അവിടെ എല്ലാത്തിനും വിലക്കൂടുതൽ, ദുബൈയിൽ എന്നെ നോക്കി ചിരിച്ചോണ്ടിരുന്ന ഓഫാറുകളെ ഓർത്തു നഷ്ടസ്വപ്നങ്ങളേ പാടി രണ്ടെണ്ണം വാങ്ങി. എന്റെ കയ്യിൽ ആകെ കൊച്ചീന്ന് വാങ്ങിയ രണ്ടു കുപ്പിയെ ഉള്ളു എന്ന ഭാവം പ്രത്യേകം മുഖത്ത് വരുത്തി വെളിയിൽ വന്നു, വീട്ടിൽ ചെന്നു.

വൈകിട്ട് അളിയൻ, അയൽവക്കത്തെ ചേട്ടൻ എന്നിവർ വന്നപ്പോൾ നമ്മൾ എടുത്തു വെച്ചു, 89 ശതമാനം ഉള്ള നമ്മുടെ പുലിയെ. സാധനം വെടിക്കെട്ടാ, ഇതൊക്കെ ചുമ്മാ ബ്രാണ്ടിയടിക്കുന്ന പോലല്ല അടിക്കേണ്ടത് എന്നൊക്കെ മുഖപ്രസംഗം നടത്തി ഞാൻ കുഞ്ഞു ഗ്ലാസ്സിൽ കുറച്ചൊഴിച്ചു ഒരു ലൈറ്റർ എടുത്തു. തീകത്തിക്കാനാണെങ്കിൽ വേണ്ട മോനെ എന്ന് പറഞ്ഞു അളിയൻ കൈ കാണിച്ചു തന്നു. ഒരു കൊച്ചു പൊള്ളലിന്റെ പാട്. എന്റെകൂട്ടുകാരൻ രതീഷ് രണ്ടാഴ്ച മുന്പ് തായ്‌ലൻഡ് ടൂർ കഴിഞ്ഞു വന്നപ്പോൾ കൊണ്ട് വന്നു തകർത്ത സാധനം തന്നെയായിരുന്നു അത്. അയലോക്കത്തെ ചേട്ടൻ പുള്ളിയുടെ മനോഹരമായ മീശ കളഞ്ഞു ക്ളീൻ ഷേവായതിനും കാരണം പിടി കിട്ടി. ശശി ആയി ... എന്നാലും .......

അത് പോയ അണ്ണാന്റെ കണക്കു ഒന്നു തകർന്നെങ്കിലും ഞാൻ വിട്ടില്ല. ഓ എന്റെ അമ്മേ...പിന്നെ സ്വന്തം ഭാഷായായോണ്ട്  ഒരു റിലാക്സേഷൻ ഉണ്ട്....എന്ന മന്ത്രി ഭാര്യയുടെ വചനം പോലെ ഞാൻ പ്ലാൻ ബി പുറത്തെടുത്തു . വേറൊരു രീതിയും ഉണ്ട്, ആംസ്റ്റർഡാമിൽ ഒക്കെ ഈ രീതിയാണ് ഫോളോ ചെയ്യുന്നത്. ഒരു ഫോർക്കിൽ ഷുഗർ ക്യൂബ് വെച്ചിട്ടു അതിന്റെ മുകളിലൂടെ കുറേശ്ശെ ഒഴിച്ച് വേണം കുടിക്കാൻ. ഒന്ന് ഉഷാറായ ഞാൻ വീട്ടിൽ തപ്പി ഒരു തരത്തിൽ ഫോർക് കണ്ടു പിടിച്ചു, പക്ഷെ ഊരു തെണ്ടിയുടെ ഓട്ട ഗ്രാമത്തിൽ എവിടെയാ ഷുഗർ ക്യൂബ്. പകരം പഞ്ചാസാര പാത്രത്തിൽ തപ്പിയപ്പോൾ വെള്ളം നനഞ്ഞുണ്ടായ രണ്ടു കട്ട കിട്ടി ഭാഗ്യത്തിന്, എടുത്ത് ഫോർക്കിൽ വെച്ച് അതിലൂടെ ഒഴിച്ച് ആശാ തീത്തു ഞാൻ. പക്ഷെ ഓരോന്ന് കഴിഞ്ഞപ്പോൾ നീ വേറെയേതേലും കുപ്പി എടുക്കാൻ പറഞ്ഞു എന്നെ പൂർണ്ണമായും പരാജയപ്പെടുത്തി അവർ. മഞ്ചു തിന്നാനായി എന്റെ ജീവിതം ബാക്കി.

അവർ മൂന്നാലെണ്ണം കഴിഞ്ഞു പോയി. ഉറങ്ങാൻ സമയവും ആയില്ല, മാത്രമല്ല വന്ന ചൂടിൽ തന്നെ ആരോടേലും രണ്ടു ഡയലോഗ് വിടാതെ എങ്ങനെ ഇരിക്കും?രതീഷ് എന്നെ എയർപോർട്ടിൽ നിന്നും കൊണ്ടുവന്ന ഉടനെ ഒരു കുപ്പിയും എടുത്തോണ്ട് പോയിരുന്നു. അവനെ വിളിച്ചപ്പോൾ അവൻ കവലയിൽ പോകുന്നു, കൂട്ടുകാരുടെ അടുത്തു ഇപ്പോൾ ചെല്ലും എന്ന് പറഞ്ഞു. വേറെ ആരും ഈ രാത്രിയിൽ ഇനിഎന്റെ വെടി കേൾക്കാൻ വരാനില്ലാത്ത കൊണ്ട് അവിടെ പോയി എന്തേലും പോച്ചാ അടിക്കാം എന്ന് വിചാരിച്ചു വണ്ടി എടുത്തു.

മോനെ.. പോലീസ് ചെക്കിങ്ങ് നന്നായിട്ടുണ്ട്, നീ വന്ന ഉടനെ വണ്ടി എടുത്തിറങ്ങണോ എന്ന് അമ്മ ചോദിച്ചു. നമ്മടെ കവല വരെയേ ഉള്ളു അമ്മെ, അവിടെ ആര് വന്നു പിടിക്കാനാ.... എന്നും പറഞ്ഞു ഞാൻ വണ്ടിയെടുത്ത് ഇറങ്ങി.

നേരെ കവലയിൽ ചെന്നു, കുരിശുപള്ളിയുടെ അപ്പുറത്തതായാണ് അവർ കൂടുന്നത് എന്നറിയാം. കുരിശുപള്ളിയുടെ അടുത്ത് വണ്ടി ഇട്ടിട്ടു വെളിയിൽ ഇറങ്ങി. ചെറുതായി വേച്ച് പോകുന്നുണ്ടോ എന്ന് ഒരു സംശയം. കള്ളടിച്ച സ്ഥിതിക്ക് കുരിശു പള്ളി മാതാവിനെ നാളെ ബഹുമാനിക്കാം മുൻപോട്ടു നോക്കിയപ്പോൾ ഞാൻ ഞെട്ടി. മുന്പിലായി നിർത്തിയിട്ടിരിക്കുന്ന ഒരു പോലീസ് ജീപ്പും അതിലിരുന്നു എന്നെ നോക്കുന്ന ഒരു പോലീസുകാരനും.

ഞാൻ കുരിശുപള്ളിയുടെ ഗ്രില്ലിന്റെ നേരെ ഒരു നേർ രേഖ മനസ്സിൽ വരച്ചു, ഒരു തരത്തിൽ വീഴാതെ ചെന്ന് കന്പിയിൽ രണ്ടു കയ്യും വിരിച്ചു പിടിച്ചുകൊണ്ടു നിന്ന് പ്രാർത്ഥന തുടങ്ങി. ഞാൻ നന്മ നിറഞ്ഞ മറിയവും, എത്രയും ദയയുള്ള മാതാവും ചൊല്ലി നോക്കി. പോലീസ് ജീപ്പ് അനങ്ങുന്നില്ല. ആരൊക്കെയോ വന്നു പോലീസിൽ ജീപ്പിൽ കയറുന്നു, ഞാൻ അങ്ങോട്ട് നോക്കാനേ പോയില്ല. അപ്പോൾ ആ വണ്ടിയിൽ ഇരുന്ന പോലീസുകാരൻ മറ്റുള്ളവരോട് പറയുന്നു, ദേണ്ടെ ഈ പുള്ളിയും നല്ല വീലാ, ഇങ്ങേരെ കൂടെ അങ്ങ് കൊണ്ട് പോയേക്കാം. ഞാൻ വിയർത്തു, വന്ന ഉടനെ തന്നെ രാത്രിയിൽ പോയി സ്റ്റേഷനിൽ ഇരിക്കേണ്ട ഗതികേട് എന്നിൽ വിഹ്വലതകൾ ഉണ്ടാക്കി. എന്റെ മുണ്ടിന്റെ മടിക്കുത്ത് അഴിയുന്നുണ്ടോ എന്നൊരു സംശയം, പിടി ഗ്രില്ലിൽ നിന്നും വിട്ടാൽ വീഴുമോ എന്ന ഭയം. മുണ്ടില്ലാതെ കുരിശുപള്ളിയുടെ ഗ്രില്ലിൽ പിടിച്ചു നിൽക്കുന്ന എന്നെ പടം ഏതെങ്കിലും ദ്രോഹികൾ മൊബൈലിൽ എടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ടാൽ.... ഹെന്റമ്മോ... നല്ല റിലാക്സേഷൻ ആയേനെ...
പെട്ടെന്നു മൊബൈൽ ശബ്ദിച്ചു, അതെടുക്കണോ വേണ്ടയോ എന്ന് ശങ്കിച്ചെങ്കിലും വേറെ വഴിയില്ലാത്തതു കൊണ്ട് എടുത്തു. നോക്കിയപ്പോൾ രതീഷാണ്. "എടാ.....,നീ തിരിഞ്ഞു നോക്കരുത്. ഞങ്ങളെ പോലീസ് പിടിച്ചു, ഏതോ ഒരു പുലർകാല മോൻ ഒറ്റികൊടുത്തതാ. "

ഞാൻ ചോദിച്ചു...."അപ്പോൾ നീയും പോലീസ് ജീപ്പിൽ ഉണ്ടോ.?"
അവൻ പറഞ്ഞു.. " ഇല്ല.. രണ്ടു പേര് കയറിയിട്ടുണ്ട്, ഞങ്ങൾ പുറകിലത്തെ കാറിൽ ഉണ്ട്.നീ അവിടെ തന്നെ നിന്നോ. അല്ലേൽ പോലീസുകാർ കൊണ്ട് പോകും."

ഞാൻ ചോദിച്ചു എത്ര നേരം ഇങ്ങനെ നിക്കണം? ഇവിടെ വന്നു പിടിച്ചോണ്ട് പോകില്ലേ എന്ന്.

അവൻ പറഞ്ഞു " ഒരു അന്പത്തി മൂന്നുമണിജപം ഒക്കെ ചെല്ലി അവിടെങ്ങാനും നിൽക്ക്, അല്ലേൽ അവന്മാരു പിടിച്ചോണ്ടു പോകും. പ്രാർത്ഥിച്ചോണ്ടിരിക്കുന്നവനെ അവർ പിടിക്കില്ല, കാരണം ഒടുക്കത്തെ വർഗീയതയാ ഇപ്പോൾ ഇവിടെ. അന്പത്തി മൂന്നുമണിയും കൊണ്ടും അവന്മാർ പോകുന്നില്ലേൽ നൂറ്റന്പത്തി മൂന്നുമണി ചെല്ലിക്കോ. ഞങ്ങൾ ഏതായാലും പോയിട്ട് വരാം."

ചെറുപ്പത്തിൽ മുട്ടേകുത്തി നിന്നു ലുത്തിനിയ ചെല്ലിയാ ഏതോ ക്രിസ്ത്യാനി പോലീസുകാരൻ ആയിരിക്കും ഡ്രൈവർ, എന്തായാലും ഇത്തിരി ഉറക്കെ പഴയ ഓർമ്മ വെച്ചു ഒരു രഹസ്യം ചൊല്ലാൻ തുടങ്ങിയപ്പോളേ അവർ വണ്ടി സ്റ്റാർട്ട് ചെയ്‌തു. ഞാൻ പതുക്കെ പിടി വിട്ടു തിരിഞ്ഞു നോക്കി. ഭാഗ്യം പോലീസുകാർ അടിച്ചുവിട്ടു പോകുകയാ. ഇനി രതീഷിനെയും കൂട്ടുകാരനേം രക്ഷിക്കണമല്ലോ. വേഗന്നുതന്നെ ഫോൺ എടുത്തു, ആരെ വിളിക്കണം? പരിചയം ഉള്ള പോലീസ്, എമ്മല്ലേ, മന്ത്രി ഏതു വേണം? വെറും ചീളു കള്ളു കേസിനു എങ്ങനാ വല്ലോരേം വിളിക്കുന്നത് എന്നാലോചിപ്പോൾ സ്ഥലത്തെ കൊച്ചു മുതലാളി ശങ്കരൻകുട്ടി എന്റടുത്ത് വന്നു. എന്റെ വാഴക്കാവരയാ, ഞാൻ പോലീസ് വണ്ടിക്കു കൈ കാണിച്ചതാ, അവന്മാരെ നിർത്തിച്ചു ഇറക്കിവിടാൻ. പക്ഷെ അവന്മാർ നിർത്തിയില്ല. പെട്ടെന്ന് തന്നെ പുള്ളിക്കാരൻ ലയൺസ് ക്ലബ് പ്രസിഡന്റിനെ വിളിച്ചു,രതീഷിന്റെ അമ്മാവനെ വിളിച്ചു, പിന്നെ ആരെയൊക്കെയോ വിളിച്ചു കാര്യങ്ങൾ ഡിസ്കസ് ചെയ്യുന്നു. ശങ്കരങ്കുട്ടിയുടെ ആത്മാർഥത എന്നെ ഹടാതാകർഷിച്ചു.

എന്തായാലും അരമണിക്കൂറിനുള്ളിൽ രതീഷും കൂട്ടുകാരും തിരിച്ചു വന്നു. എനിക്ക് റിലാക്സേഷൻ ആയി. ശങ്കരൻകുട്ടിയോട് നന്ദി പറയാം എന്ന് കരുതി തിരിഞ്ഞപ്പോൾ പുള്ളിയെ കാണാനില്ല. ഞാൻ കണ്ടു, ഞാനേ കണ്ടുള്ളു എന്ന നവ്യ നായർ രീതി ആയോ എന്ന് വർണ്ണ്യത്തിൽ ആശങ്ക വെച്ചപ്പോളേക്കും രതീഷ് പറഞ്ഞു , വാ വന്നുവണ്ടിയിൽ കയറു, ഞാൻ കൊണ്ട് വിടാം. എനിക്ക് ദേഷ്യം വന്നു, അതെന്ന കോപ്പിനാ, നീയും കള്ളടിച്ചു ഞാനും അടിച്ചു, നിന്നെ ആണെങ്കിൽ പോലീസും പിടിച്ചു.പിന്നെ നീ എന്തിനാ എന്നെ കൊണ്ട് വിടുന്നത്?

അവൻ പറഞ്ഞു, എന്റെ പൊന്നു കൂടെപ്പിറപ്പേ, ഞാൻ അടിച്ചിട്ടില്ല, കുപ്പി തുറന്നു ഒരുത്തൻ അടിച്ചപ്പോളേക്കും അവന്മാർ വന്നതാ. ഇനി നിന്നെ ഇന്ന് തന്നെ ഇറക്കാൻ വരാൻ ഒന്നും ഞങ്ങൾക്ക് പറ്റില്ല. എന്തായാലും ഇന്ന്  മുഴുവൻ മഞ്ച് മുട്ടായി ആയിരുന്നു. അവൻ പറയുന്ന പോലെ വീട്ടിൽ പോയേക്കാം.

വീട്ടിൽ ചെന്ന് തണുത്ത വെള്ളത്തിൽ ഒരു കുളി ഒക്കെകഴിഞ്ഞു മുറ്റത്തിറങ്ങിയപ്പോൾ അവിടെ വണ്ടിയിൽ ഇരുന്നു അടിക്കുന്നു രതീഷും കൂട്ടരും. ഞാൻ ചോദിച്ചു, "അപ്പോൾ നിങ്ങടെ സ്കോച്ചു പോലീസുകാർ കൊണ്ടുപോയില്ലേ?"

"ഇല്ലെടാ, ഒരു രണ്ടു പെഗ് അവന്മാർ എടുത്തു. ബാക്കി തിരിച്ചു തന്നു. ഏതോ തക്കാളി മോൻ അവരെ വിളിച്ചു പറഞ്ഞിട്ട് വന്നതാ. ഞങ്ങളെ ഊതി വിസിൽ അടിപ്പിക്കാൻ നോക്കിയിട്ടു ആരുടേം ഒച്ച വന്നില്ല. ആകെ രണ്ടെണ്ണം ആക്രാന്തത്തിൽ അടിച്ച രമേശിന്റെ ഊതലിൽ പോലും വിസിൽ അടിച്ചില്ല."
ഞാൻ " അതെന്ന യാത്രം കേടായിരുന്നോ"
രമേശ് " ഞാൻ അകത്തൂന്ന് ശ്വാസം വിടാതെ വായിൽ എയർ പിടിച്ചിട്ടു അത് പുറത്തോട്ടു വിട്ടു. അപ്പോൾ ഒച്ച വന്നില്ല"
ഞാൻ " അപ്പൊ പിന്നെ എന്ന മലരാനാ നിങ്ങളെ പിടിച്ചോണ്ട് പോയത്?"
രതീഷ് " പബ്ലിക് ആയി മദ്യപിച്ചതിനു"
ഞാൻ " പക്ഷെ നിങ്ങൾ ഊതിയപ്പോൾ വിസിൽ അടിച്ചില്ലല്ലോ"
കേസില്ലാ വക്കീൽ മനോജ് " നമ്മുടെ കുപ്പി ആൾറെഡി പൊട്ടിച്ചു, രണ്ടു പെഗ് എടുക്കുകയും ചെയ്‌തു. അപ്പോൾ നമ്മളെ അവർക്കു കൊണ്ട് പോകാതെ പറ്റില്ല."
ഞാൻ "പിന്നെ നിങ്ങളെ ഉടനെ വിട്ടതോ"
രതീഷ് "അവർക്കു മനസിലായി ഞങ്ങൾ കുഴപ്പക്കാർ അല്ല, നമുക്കിട്ടു പണി തന്നതാണെന്നു. പക്ഷെ വിവരം വിളിച്ചു പറഞ്ഞ ആൾ അവിടെ തന്നെ കാണും അത് കൊണ്ട് ഞങ്ങളെ കൊണ്ട് പോകാതെ പറ്റില്ല. കാര്യം മനസിയത് കൊണ്ട് അവന്മാർ രണ്ടു പെഗ് എടുത്തിട്ട് കുപ്പിയും തിരിച്ചു തന്നു. പിന്നെ എപ്പോൾ എങ്കിലും രണ്ടു എം എച് വാങ്ങി കൊടുത്താൽ മതി എന്ന് പറഞ്ഞു."

ഞാൻ " ഏതു കുടുംബത്തിൽ പിറന്നവനായിരിക്കും ഇത് ചെയ്തത്? എന്തായാലും ശങ്കരൻകുട്ടി അന്നേരം ആരെയൊക്കെയോ വിളിച്ചു നിങ്ങളെ രക്ഷിക്കാൻ നോക്കുന്നുണ്ടാരുന്നു. ലയൺസ് പ്രസിഡന്റിനെയും വേറെ ആരാണ്ടെ ഒക്കെ. നിങ്ങളെ രക്ഷിക്കാൻ പോലീസ് വണ്ടിക്കു കൈ കാണിച്ചെന്ന അദ്ദേഹം പറഞ്ഞത്."

ദേഷ്യം കാരണം കയ്യിലിരുന്ന ഗ്ളാസ് വലിച്ചെറിഞ്ഞു രതീഷ്  " ആ പിത്രുശൂന്യൻ ആണ് വിളിച്ചു പറഞ്ഞത്. അവൻ പോലീസ് വണ്ടിക്കു കൈ കാണിച്ചപ്പോൾ നിർത്തണ്ടാ എന്ന് പറഞ്ഞത് ഞങ്ങളാ. ഒരു മാസം  മുന്പ് അങ്ങനെ നാട്ടുകാര് കൂടി പോലീസ് വണ്ടിയിൽ നിന്നും ഇറക്കിയ മേവടയിലെ കുഞ്ഞുമോനെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തിരിക്കുവാ. നമുക്കിട്ടു ആ പണി തരാൻ നോക്കിയതാ തെണ്ടി. അല്ലാതെ സ്നേഹിച്ചതല്ല."

പെട്ടെന്ന് തന്നെ അവന്മാർ പ്രസിഡന്റിനെ വിളിച്ചു വരാൻ പറഞ്ഞു. ഞാൻ മനസിലാകാത്ത പോലെ അവരെ നോക്കി. അപ്പോൾ രതീഷ് പറഞ്ഞു.

ഇവിടുത്തെ ഏറ്റവും വലിയ നോട്ടീസ് ആണ് പ്രസിഡന്റ്. നമ്മളെ പിടിച്ച വിവരം നാട് മുഴുവൻ പാട്ടാക്കാനാണ് ശങ്കരൻ പ്രസിഡന്റിനെ വിളിച്ചത്. ഇപ്പോൾ നമ്മൾ വിളിച്ചു അവനു രണ്ടെണ്ണം കൊടുത്താൽ ആക്കാര്യം സോൾവ് ആകും. പിന്നെ അവനു പറയാം പറ്റില്ലല്ലോ നമ്മൾ രാത്രിയിൽ സ്റ്റേഷനിൽ ആയിരുന്നു എന്ന്.

എന്റെ വാ പൊളിഞ്ഞു തന്നെ ഇരുന്നു. രതീഷ് പറഞ്ഞു. " എടാ, ഇവിടെ ജീവിക്കണേൽ വലിയ പാടാ. പണി എതിലേയാ വരുന്നതെന്ന് നാല് പാടും നോക്കിയിരിക്കണം. നീയൊക്കെ അവിടെ രണ്ടെണ്ണം അടിച്ചേച്ചു ഇരുന്നു മഞ്ഞും മലയും മണ്ണും മഴയും ക്ലാരയും ഒക്കെ ഓർത്ത് നൊസ്റ്റി അടിക്കുന്ന പോലെ അല്ല കാര്യങ്ങൾ. പണ്ടത്തെ പോലെ കുനിയുവൊന്നും വേണ്ട ഇപ്പോൾ. നിവർന്നു നിൽക്കുന്പോൾ തന്നെ അണ്ണാന്റെ പോയ സാധനം പോകും."

എന്തിനോ എന്റെ കരങ്ങൾ ഞാനറിയാതെ ചില അവയവങ്ങൾ തിരഞ്ഞു....



Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP